ട്രാക്കുണർന്നു ആദ്യദിനം തലശേരി നോർത്ത് മുന്നിൽ

തലശേരി ട്രാക്കിലും ഫീൽഡിലും ആവേശം നിറച്ച് ജില്ലാ സ്കൂൾ കായികമേളയ്ക്ക് തലശേരിയിൽ തുടക്കമായി. വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കാനെത്തിയ വിദ്യാർഥികളുടെ കുതിപ്പും കരുത്തും മൈതാനത്തെ ആവേശഭരിതമാക്കി. ആദ്യദിനം 34 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ എട്ട് സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 58 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് തലശേരി നോർത്ത് ഉപജില്ല. രണ്ട് സ്വർണം, ഏഴ് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 47 പോയിന്റുമായി മട്ടന്നൂർ രണ്ടാം സ്ഥാനത്തും അഞ്ച് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ 39 പോയിന്റുമായി പയ്യന്നൂർ മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ നാല് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടി 26 പോയിന്റോടെ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 17 പോയിന്റോടെ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്തുമാണ്. കായികമേള തലശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി പതാക ഉയർത്തി. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ വി സതി, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ ഹെന്ററി ആന്റണി, സി ഒ ടി ഷബീർ, അഷ്റഫ് കളത്തിൽ, എം വി സ്മിത, ഭാരതി, കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ എ കെ വിനോദ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ് കെ ജയദേവൻ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ– ഓഡിനേറ്റർ എം സി ഹാഷിം എന്നിവർ സംസാരിച്ചു. ഡി ഷൈനി സ്വാഗതവും പി കെ ഫൈസൽ നന്ദിയും പറഞ്ഞു. 15 ഉപജില്ലയിൽനിന്നായി 2800 വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. തലശേരി സായിൽനിന്ന് 16 കുട്ടികളും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിൽനിന്ന് 23 കുട്ടികളും പങ്കെടുക്കുന്നു. വെള്ളിയാഴ്ച സീനിയർ, ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി അഞ്ച് കിലോമീറ്റർ നടത്തം, പോൾവാൾട്ട്, ഹഡിൽസ്, ഹാമർ ത്രോ, ട്രിപ്പിൾ ജമ്പ്, 100 മീറ്റർ, 600 മീറ്റർ, 800 മീറ്റർ എന്നീ മത്സരങ്ങൾ നടക്കും. മേള ശനിയാഴ്ച സമാപിക്കും.









0 comments