ബാലനും ഭാർഗവിക്കും വീടൊരുങ്ങുന്നു

നീലേശ്വരം മടിക്കൈ ബങ്കളത്തെ കക്കാണം ബാലനും ഭാർഗവിക്കും തണലായി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ. നിർധന കുടുംബത്തിന് യൂണിയൻ വീട് നിർമിച്ചു നൽകും. യൂണിയന്റെ കാസർകോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഒരു കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അർഹതപ്പെട്ട കുടുംബത്തെ കണ്ടെത്തുകയും സമ്മേളന സംഘാടക സമിതിയുടെ അവസാന യോഗത്തിൽ വീട് നിർമിക്കുന്നതിനുള്ള ചെലവിന്റെ ആദ്യ ഗഡുവായി 1 ലക്ഷം രൂപ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി കരുണാകരൻ കൈമാറുകയും ചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ സുധാകരൻ, ജില്ലാ സെക്രട്ടറി കെ വിനോദ്, സിഐടിയു ജില്ലാ സെക്രട്ടറി എ ആർ ധന്യവാദ്, എസ് ഗോവിന്ദരാജ്, ബി സുപ്രിയ, എന്നിവർ പങ്കെടുത്തു. വീട് നിർമാണത്തിനായി കമ്മറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ പറഞ്ഞു.








0 comments