ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി
വരുന്നൂ... കണ്ണൂർ ഹെറിറ്റേജ് ബിനാലെ

കണ്ണൂർ കോട്ട (ഫയൽ ചിത്രം)
കണ്ണൂർ
തെയ്യങ്ങളുടെയും തിറകളുടെയും തറികളുടെയും നാടായ കണ്ണൂരിന്റെ ചരിത്രവും സംസ്‌കാരവും പാരന്പര്യവും പെരുമായും ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുന്ന കണ്ണൂർ ഹെറിറ്റേജ് ബിനാലെ അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത്. കണ്ണൂരിന്റെ ചരിത്രം പുതുതലമുറക്ക് പകർന്നു നൽകാനും ചരിത്രസ്മാരകങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ബിനാലെ കൊണ്ടുദ്ദേശിക്കുന്നത്. സെന്റ് ആഞ്ചലോ ഫോർട്ട്, അറയ്ക്കൽ കൊട്ടാരം, അറയ്‌ക്കൽ മ്യൂസിയം, ചിറക്കൽ കൊട്ടാരം, ഫോക്‌ലോർ മ്യൂസിയം, ഏഴിമല, പുരാതന ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ ഉൾപ്പെടെയുള്ള മറ്റ് ആരാധനാലയങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, കണ്ണൂരിലെ തനതുഭക്ഷണ വിഭവങ്ങൾ, കലകൾ, കണ്ണൂർ കൈത്തറി തുടങ്ങിയവയെല്ലാം ജില്ലയിലാകെ ആഘോഷമാകുന്നതരത്തിൽ ദിവസങ്ങൾ നീളുന്ന പദ്ധതിയാണ് കണ്ണൂർ ഹെറിറ്റേജ് ബിനാലെയിലൂടെ ജില്ലാ പഞ്ചായത്ത് വിഭാവനംചെയ്യുന്നത്. തനത് ഫണ്ടിൽനിന്ന് 25ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാതല വിദഗ്ദ്ധ സമിതി ശുപാർശചെയ്‌ത പദ്ധതി ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയോടെ സംസ്ഥാനതല കോ-–ഓഡിനേഷൻ കമ്മിറ്റി അനുമതിക്കായി സമർപ്പിച്ചു. അനുമതി കിട്ടിയാലുടൻ ബിനാലെയുടെ വേദികളും സമയവും നിശ്‌ചയിക്കാനാകും. ജില്ലാ കേരളോത്സവം ഡിസംബർ 19, 20, 21 തീയതികളിൽ കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. നേരത്തെ ഡിസംബർ അഞ്ച്, ആറ് തീയതികളിൽ നടത്താൻ തീരുമാനിച്ചതാണ് മാറ്റിയത്. ഡിസംബർ അഞ്ചുവരെ ബ്ലോക്കുതല മത്സരങ്ങൾ നടക്കുന്നതിനാലും എട്ടുമുതൽ മുതൽ 18വരെ സ്കൂളുകളിൽ അർധവാർഷിക പരീക്ഷ നടക്കുന്നതിനാലുമാണ് തീയതി പുതുക്കി നിശ്‌ചയിച്ചത്. കായിക മത്സരങ്ങൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും സംഘടിപ്പിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പ്രവർത്തനം തലശേരി ബ്ലോക്ക് പരിധിയിലുമുള്ള സാഹചര്യത്തിൽ മയ്യഴി നഗരസഭയിലേക്കും വ്യാപിപ്പിക്കും. ഓരോ മൂന്ന് മാസത്തിലും ഒന്നോ രണ്ടോ ദിവസം മയ്യഴിയിലും പ്രവർത്തനം നടത്തും. ഒരു നായയെ വന്ധ്യംകരിച്ചാൽ 2,100 രൂപ നൽകാനും ഭരണസമിതിയോഗം അംഗീകാരം നൽകി.









0 comments