Deshabhimani

ആനക്കലി റബർത്തോട്ടത്തിലും

ആറളം ഫാം ബ്ലോക്ക് ആറിൽ ആന ചവിട്ടിമറിച്ചിട്ട റബർമരം
വെബ് ഡെസ്ക്

Published on Oct 14, 2026, 03:00 AM | 1 min read

ഇരിട്ടി തുടരുന്ന കാട്ടാന ആക്രമണങ്ങളിൽനിന്ന്‌ ആറളം ഫാമിലെ റബർത്തോട്ടങ്ങൾക്കും രക്ഷയില്ല. ആയിരക്കണക്കിന് തെങ്ങുകൾ കുത്തിയിട്ട് നശിപ്പിച്ചതിനുപിന്നാലെ റബർത്തോട്ടങ്ങളിലാണ് കാട്ടാനകളുടെ വിഹാരം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫാമിന്റെ പ്രധാന വരുമാന മാർഗമാണ് റബർ ലാറ്റക്സ്. എന്നാൽ, മരങ്ങൾ പരക്കെ കുത്തിവീഴ്ത്തുകയാണ് കാട്ടാനകൾ. പാലെടുക്കുന്ന മരങ്ങളുടെയും ടാപ്പിങ്ങിന് പാകമാവുന്ന ചെറിയ മരങ്ങളുടെയും തൊലി കൊമ്പുകൊണ്ട് കീറിയെടുത്തും മരങ്ങൾ തകർത്തുമാണ്‌ ഇവ വിഹരിക്കുന്നത്‌. ബ്ലോക്ക് ആറിലെ നിരവധി റബർമരങ്ങൾ കഴിഞ്ഞ രാത്രിയിൽ കുത്തിവീഴ്ത്തി. നിരവധി മരങ്ങളുടെ തോൽ പൊളിച്ചുതിന്ന നിലയിലാണ്. ​134 കോടിയുടെ നഷ്ടം വന്യജീവി ആക്രമണങ്ങളിൽ ആറളം ഫാമിന് 134 കോടി രൂപയുടെ കൃഷിനാശമുണ്ടായി. 2017 മുതലുള്ള കണക്കനുസരിച്ചാണ്‌ ഇ‍ൗ നഷ്ടം. ഫാമിന് നഷ്ടപരിഹാരം നൽകേണ്ട വനംവകുപ്പ് ഇക്കാര്യം അറിഞ്ഞ മട്ടില്ല. സർക്കാർ കോടികൾ മുടക്കി ഫാമിൽ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ മറുവശത്ത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ഫാം കൃഷിയിടങ്ങൾ ചവിട്ടി മെതിക്കുകയാണ്. വെയിൽ കനത്താൽ ആനകൾ കൂട്ടത്തോടെ ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലുമെത്തും. ​ നശിപ്പിച്ചത്‌ 5000 തെങ്ങ്‌ ​ആറളം ഫാം നാളികേര കാർഷിക മേഖല പൂർണമായും തകർച്ചയിലാണ്. കാട്ടാനകളാണ് തെങ്ങുകളാകെ തകർത്തത്. ഫാമിലെ 5000ൽപരം തെങ്ങ്‌ കാട്ടാനകൾ പലപ്പോഴായി നശിപ്പിച്ചു. ഓരോ വിളവെടുപ്പിലും രണ്ടര മുതൽ അഞ്ച് ലക്ഷം വരെ തേങ്ങ ലഭിച്ചിരുന്ന ഫാമിൽ നിലവിൽ 25,000 മുതൽ 60,000 വരെ മാത്രമാണ് പരമാവധി കിട്ടുന്നത്‌. ശേഷിക്കുന്ന തെങ്ങുകൾ സംരക്ഷിക്കാനാവാത്ത സ്ഥിതിയിലാണിപ്പോൾ ആറളം ഫാം. ​കശുമാവുകളും നശിപ്പിച്ചു ​വരുമാനത്തിൽ ഗണ്യമായ പങ്ക് നിറവേറ്റിയിരുന്ന കശുവണ്ടിയും നിലവിൽ ഫാമിന് സഹായമാവുന്നില്ല. കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം കാരണം കശുവണ്ടി വിളവെടുപ്പ് അസാധ്യം. കാട് തെളിച്ച് തോട്ടങ്ങൾ കശുവണ്ടി ശേഖരണത്തിന് സജ്ജമാക്കാനും കാട്ടാനകൾ തമ്പടിക്കുന്നതിനാൽ സാധിക്കുന്നില്ല. സ്വകാര്യ മേഖലക്ക് കശുവണ്ടി ശേഖരണം ലേലം ചെയ്ത് നൽകാനും കാട്ടാനപ്പേടി തടസ്സമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home