Deshabhimani

എൽഡിഎഫ് സർക്കാരിന്റെ നേട്ടം ചിത്താരി റെഗുലേറ്റർ 
പദ്ധതി പൂർത്തിയായി

ചിത്താരി റെഗുലേറ്റർ
വെബ് ഡെസ്ക്

Published on Oct 14, 2026, 03:00 AM | 2 min read

പള്ളിക്കര പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലെ കാർഷിക-കുടിവെള്ള മേഖലകളിൽ വിപ്ലവകരമായ മാറ്റം കുറിക്കാനൊരുങ്ങുന്ന ചിത്താരി റെഗുലേറ്റർ പദ്ധതി പൂർത്തിയായി. ഇലക്ടിക്കൽ ജോലി മാത്രമാണ് ബാക്കിയുള്ളത്. ഇരു പഞ്ചായത്തുകളിലേയും ആയിരക്കണക്കിന് ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. ഉപ്പുവെള്ളം കയറി തരിശായ കൃഷിഭൂമികളെ വീണ്ടെടുക്കാനും വേനലിലെ കടുത്ത ജലക്ഷാമം പരിഹരിക്കാനും ഈ പദ്ധതി വലിയ മുതൽ കൂട്ടാകും. സി എച്ച് കുഞ്ഞമ്പു എംഎൽഎയായിരിക്കെ 2022–-23 വര്‍ഷത്തെ ജലവിഭവ വകുപ്പിന്റെ നബാര്‍ഡ് അലോക്കേഷനിൽ (എആർഐഡി) ഉള്‍പ്പെടുത്തിയാണ് 33.28 കോടി രൂപ ചെലവിൽ റെഗുലേറ്റർ നിർമാണം പൂർത്തിയാക്കിയത്. ചിത്താരിപ്പുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് സംരക്ഷിക്കുക വഴി അജാനൂർ, പള്ളിക്കര പഞ്ചായത്തുകളിലെ ഏകദേശം 2700 ഏക്കറിലധികം സ്ഥലത്തെ കൃഷിക്ക് പദ്ധതി നേരിട്ട് ഗുണകരമാകും. കൂടാതെ വേനൽക്കാലത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനും ഇതുവഴി സാധിക്കും. ചിത്താരിപ്പുഴക്കുള്ള ​പഴയ റെഗുലേറ്റർ കം ബ്രിഡ്ജ് ഉപയോഗശൂന്യമായിട്ട് 30 വർഷത്തിലധികമായി. മെക്കാനിക്കൽ ഷട്ടറുകൾ നശിച്ച് ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ​എംഎൽഎയുടെ നിരന്തര ഇടപെടലിലൂടെ, വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം പഴയ റെഗുലേറ്ററിന് 270 മീറ്റർ മുകൾഭാഗത്തായാണ് പുതിയ റെഗുലേറ്റർ നിർമിക്കുന്നത്. തീരദേശവിനോദ സഞ്ചാര സാധ്യതകൾ കൂടി പരിഗണിച്ചുള്ള നിർമാണ പ്രവർത്തനമാണ് നടക്കുന്നത്. കോവളം-–ബേക്കൽ ദേശീയ ജലപാതയുടെ ഭാഗമായി വരുന്നതിനാൽ, ബോട്ടുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കുന്ന നാവിഗേഷൻ ലോക്കോട് കൂടിയാണ് ചിത്താരി റെഗുലേറ്ററിന്റെ രൂപകൽപ്പന. ടൂറിസം വികസനം ജലപാതയുടെ ഭാഗമാകുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലക്കും ഈ പദ്ധതി വലിയ ഉത്തേജനം നൽകും. കിഴക്കേക്കര, പൂച്ചക്കാട്, മുക്കൂട്, ചിത്താരി, ദാവൂദ് മൊഹല്ല തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 865 കർഷകർക്കും കുടുംബങ്ങൾക്കും പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കും. ​ചിത്താരി റെഗുലേറ്റർ ഒരു പുത്തൻ പ്രതീക്ഷയാണ്. എൽഡിഎഫ് സർക്കാരിന്റെയും സി എച്ച് കുഞ്ഞമ്പു എം എൽ എയുടെ നിരന്തര ഇടപെടലിലൂടെ യാഥാർഥ്യമാകുന്ന ഈ പദ്ധതിയിലൂടെ വിശാലമായ നാടിന്റെ പച്ചപ്പും സമൃദ്ധിയും വീണ്ടെടുക്കാനാകും. ​12 നദികളുള്ള കാസർകോട് ജില്ലയില്‍ വെള്ളം സംഭരിക്കാനുള്ള മേജര്‍ പദ്ധതികള്‍ ഇല്ലാത്തതിനാൽ വേനലിൽ കടുത്ത ജലസേചന, കുടിവെള്ള ക്ഷാമം നേരിടുന്നു. അതിനു പരിഹാരമെന്നോണം ഒരു മാതൃക പദ്ധതി കൂടിയാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home