അറിവിൻ മുറ്റമാണ് അക്ഷരമുറ്റം

കൂത്തുപറമ്പ് പത്രം വായിച്ച് വെറുതെ മടക്കിവയ്ക്കുകയല്ല ലിജി ടീച്ചർ. ഓരോ ദിവസവും പത്രത്തിൽ പിറക്കുന്ന അറിവുകളെ ചേർത്തുപിടിച്ച് കുട്ടികൾക്ക് പകർന്നുനൽകുകയാണ് പാട്യം വെസ്റ്റ് യുപി സ്കൂൾ പ്രധാനാധ്യാപികയും മലയാളം അധ്യാപികയുമായ ലിജി. അറിവു ശേഖരണത്തിന്റെ ഭാഗമായി ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ പത്ത് വർഷത്തെ പതിപ്പുകൾ ഭദ്രമായി അവർ സൂക്ഷിച്ചിട്ടുണ്ട്. ബൈൻഡ് ചെയ്ത് ക്രമപ്പെടുത്തി സൂക്ഷിച്ച ഈ ശേഖരം വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ റഫറൻസാണ്. അധ്യാപക പരിശീലനം നടത്തുന്ന കാലത്താണ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന അറിവുകളും വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കണമെന്ന ആശയം ലിജിയുടെ മനസ്സിലുദിച്ചത്. പിന്നീട് അക്ഷരമുറ്റം ഉൾപ്പെടെയുള്ള പതിപ്പുകൾ ശേഖരിച്ച് സൂക്ഷിക്കാൻ തുടങ്ങി. പത്ത് വർഷത്തോളമായി ഈ ശേഖരണം തുടരുന്നു. ക്വിസ് മത്സരങ്ങൾക്കും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും വിവിധ വിഷയങ്ങളിലെ അറിവ് തേടുന്നതിനും അക്ഷരമുറ്റം പതിപ്പുകൾ ഏറെ പ്രയോജനപ്പെടുന്നതായി ലിജി പറയുന്നു. അധ്യാപികയുടെ ശേഖരണശീലം മാതൃകയാക്കി വിദ്യാർഥികളും പത്രങ്ങളിലെ വിജ്ഞാനപ്രദമായ ഉള്ളടക്കങ്ങൾ സൂക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. സഹ അധ്യാപകരുടെയും വീട്ടുകാരുടെയും വിദ്യാർഥികളുടെയും പിന്തുണയാണ് ശേഖരണം തുടരാൻ പ്രചോദനമാകുന്നതെന്ന് ലിജി ടീച്ചർ പറഞ്ഞു. 2024–25 കാലയളവിലെ അക്ഷരമുറ്റം പതിപ്പുകളുടെ ശേഖരത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അക്ഷരമുറ്റം കൂത്തുപറമ്പ് സബ് ജില്ലാ ടാലന്റ് ഫെസ്റ്റ് വേദിയിൽ നിർവഹിച്ചു. ഭർത്താവ് പ്രീഗേഷും മക്കളായ വൈഗയും സംവേഗയും ടീച്ചറുടെ ഇൗ അക്ഷരശീലത്തിന് കൂട്ടുണ്ട്.








0 comments