നാവായിക്കുളത്ത് മിനിട്സില്‍ തിരിമറി
പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അംഗങ്ങള്‍

കിളിമാനൂര്‍
കോണ്‍ഗ്രസ് ഭരിക്കുന്ന നാവായിക്കുളം പഞ്ചായത്തില്‍ ഭരണസ്തംഭനം തുടരുന്നു. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത 21 അംഗങ്ങളില്‍ 11 പേരുടെ അംഗീകാരത്തോടെ തീരുമാനിച്ച വാര്‍ഷിക പദ്ധതി ഭേദഗതികള്‍ സെക്രട്ടറി തിരുത്തിയതില്‍ പ്രതിഷേധിച്ച് ആറ് എല്‍ഡിഎഫ് അംഗങ്ങളും അഞ്ച് കോണ്‍ഗ്രസ് വിമത അംഗങ്ങളും ഡിപിസിക്കും തദ്ദേശ സെക്രട്ടറിക്കും പരാതി നൽകി. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ ആഗസ്‌ത് 21ന് ചേർന്ന കമ്മിറ്റിയിൽ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച അജൻഡയില്‍ 16 ഭേദഗതികൾ വരുത്തി. ഭൂരിപക്ഷ തീരുമാനപ്രകാരം മിനിട്സ് തയ്യാറാക്കി. എന്നാല്‍, പഞ്ചായത്ത് സെക്രട്ടറി കേവല ഭൂരിപക്ഷത്തോടെ തീരുമാനിച്ച ഭേദഗതികള്‍ വെട്ടി. പട്ടികജാതി വികസന ഫണ്ടില്‍നിന്നുള്ള വലിയകാവ് റോഡ്, ചിറവിള കുന്നുവിള, പുലിക്കുഴി ആലുവിള റോഡ് ഫണ്ട് റിവിഷന്‍, വാര്‍ഡുകളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, ലൈഫ്, പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് സ്വച്ഛഭാരത് മിഷന്‍വഴി ശൗചാലയത്തിന് തുക അനുവദിക്കല്‍ എന്നിവയാണ് പൂര്‍ണമായും വെട്ടിയത്. ജനറല്‍ കമ്മിറ്റി അംഗീകരിക്കാത്തതും ചര്‍ച്ചചെയ്യാത്തതുമായ പദ്ധതികൾ മിനിട്സില്‍ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇത് 12ന് ചേര്‍ന്ന ഡിപിസി അംഗീകാരത്തിനായി സെക്രട്ടറി സമര്‍പ്പിച്ചു. വ്യാജ മിനിട്സ് ഉണ്ടാക്കിയ സെക്രട്ടറിയുടെ നടപടി പഞ്ചായത്ത് രാജ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി. നിലവില്‍ സമര്‍പ്പിച്ച ഭേദഗതികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും, സ്ഥിരംസമിതിയുടെയും ജനറല്‍ കമ്മിറ്റിയുടെയും ഭൂരിപക്ഷ തീരുമാനം അംഗീകരിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തണമെന്നും മെമ്പര്‍മാര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. ഗുരുതര അച്ചടക്കലംഘനം നടത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിയും ആവശ്യപ്പെട്ടു. മീര അനി, എം നജീം, ഫാത്തിമ സുല്ലമി, എച്ച് കെ മുഹമ്മദ് ആസിഫ്, എ നഹാസ്, നിസാമുദ്ദീന്‍, ഇ ജലാലുദ്ദീന്‍, വി വിജിന്‍, ജ്യോതി ശശി, എന്‍ മുഹമ്മദ് സിയാദ്, എസ് ശ്രീനാഥ് എന്നിവരാണ് പരാതി നൽകിയ പഞ്ചായത്ത്‌അംഗങ്ങൾ.








0 comments