Deshabhimani

ദേശീയപാതയിൽ മലിനജലം പുറന്തള്ളിയ 2 മത്സ്യലോറികൾ പിടികൂടി

ദേശീയപാതയിൽ വെള്ളൂർ പുതിയങ്കാവ് മലിനജലം 
പുറന്തള്ളിയ വാഹനങ്ങൾ  നാട്ടുകാർ പിടികൂടിയപ്പോൾ

ദേശീയപാതയിൽ വെള്ളൂർ പുതിയങ്കാവ് മലിനജലം 
പുറന്തള്ളിയ വാഹനങ്ങൾ നാട്ടുകാർ പിടികൂടിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 07, 2026, 01:30 AM | 1 min read

പയ്യന്നൂർ

വെള്ളൂർ പുതിയങ്കാവ് ദേശീയപാതയിലും സർവീസ് റോഡിലും മത്സ്യലോറികളിൽനിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം പുറന്തള്ളിയ രണ്ട് വാഹനങ്ങൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഞായർ രാത്രി 11.30 ഓടെയാണ് സംഭവം. ​പുതിയ ദേശീയപാത വന്നതോടെ വെള്ളൂർ പുതിയങ്കാവ് പ്രദേശം ദീർഘദൂര മത്സ്യലോറികളുടെ പ്രധാന രാത്രികാല പാർക്കിങ്‌ കേന്ദ്രമായി മാറിയിരുന്നു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മത്സ്യം കയറ്റിവരുന്ന കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാത്രിയുടെ മറവിൽ ഇവിടെ നിർത്തിയിട്ട് ഐസ് ഉരുകിയുണ്ടാകുന്ന ദുർഗന്ധം നിറഞ്ഞ മലിനജലം തുറന്നുവിടുന്നത് പതിവായിരുന്നു. ഇതുമൂലം പരിസരവാസികൾക്ക് രൂക്ഷമായ ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. ഇതേ തുടർന്ന് നാട്ടുകാർ രാത്രികാലങ്ങളിൽ ജാഗ്രതയിലായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന മത്സ്യ ലോറിയുടെ അടിയിലൂടെ മലിനജലം ശക്തമായി ഒഴുക്കിവിടുന്നത് കണ്ട് നാട്ടുകാർ വാഹനം തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത അധികൃതർ ഇരുലോറി ഡ്രൈവർമാർക്കെതിരെയും 10,000 രൂപ വീതം പിഴ ചുമത്തി. റോഡിൽ പരന്നൊഴുകിയ മാലിന്യവും അസഹ്യമായ ദുർഗന്ധവും കാരണം കാൽനടയാത്രക്കാരും നാട്ടുകാരും വലഞ്ഞതോടെ പയ്യന്നൂരിൽ അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് റോഡ് കഴുകി വൃത്തിയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home