നുണക്കഥകളുടെ കാറ്റുപോയി

കണ്ണൂർ
കണ്ണൂരിൽ ഏരിയാകമ്മിറ്റികൾതന്നെ പിരിച്ചുവിടും, ജില്ലാകമ്മിറ്റിക്കാകെ ശാസനയുണ്ടാകും, സ്ഥാനാർഥി നിർണയം പാളിയതിൽ ചിലർക്കെതിരെ കടുത്ത നടപടിയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞശേഷം വലതുപക്ഷ മാധ്യമങ്ങൾ കൊണ്ടുപിടിച്ച് നടത്തിയ പ്രചാരണങ്ങളായിരുന്നു ഇത്. വിപുലികൃത ജില്ലാകമ്മിറ്റി യോഗം പ്രഖ്യാപിച്ചതോടെ, ജില്ലയിലെ സിപിഐ എം നേതൃത്വത്തെ നോട്ടമിട്ട് കഥകൾ ചമയ്ക്കുന്ന തിരക്കിലായി. പയ്യന്നൂരടക്കമുള്ള ഏരിയാകമ്മിറ്റി പിരിച്ചുവിടും എന്ന രീതിയിൽവരെ വാർത്തകൾ ചമച്ചു. ഇപ്പോൾ വിപുലീകൃത ജില്ലാകമ്മിറ്റി യോഗവും കഴിഞ്ഞു, പുതിയ പ്രഖ്യാപനവും വന്നു. സ്വയം വിമർശനങ്ങളും തിരുത്തലും പ്രഖ്യാപിച്ച് സിപിഐ എം പുതിയ കുതിപ്പിനായി മുന്നോട്ടെന്ന പ്രഖ്യാപനം വന്നതോടെ വലതുപക്ഷ മാധ്യമങ്ങൾക്കെല്ലാം മിണ്ടാട്ടം മുട്ടി. യോഗത്തിൽ വിമൾശങ്ങളുയർന്നു എന്നാണ് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. പ്രതിനിധികൾക്ക് വിമർശങ്ങൾ ഉയർത്താൻകൂടിയാണ് വിപുലീകൃത യോഗം ചേർന്നത്. ചർച്ചകളിൽ ഉയർന്ന വിമർശങ്ങൾ അതേ പോലെ ഒറ്റമാധ്യമത്തിനും റിപ്പോർട്ട് ചെയ്യാനും പറ്റിയില്ല. ചില മണ്ഡലങ്ങളിലെ തോൽവി, പാർടി തന്നെ കണ്ടെത്തിയ ചില വീഴ്ചകൾ, ഭരണതലത്തിലും അല്ലാതെയും ഉണ്ടായ ചില വീഴ്ചകൾ എന്നിവയെല്ലാം തിരിച്ചും മറിച്ചും വാർത്തയാക്കുകയാണ് മാധ്യമങ്ങൾ. അതല്ലാതെ ജില്ലാകമ്മിറ്റിയോഗത്തിൽ ഉയർന്ന കാന്പുള്ള ചർച്ചകളെയും തീരുമാനങ്ങളും റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് പറ്റിയിട്ടില്ല. ബഹുജനബന്ധവും ജനകീയാടിത്തറയും വിപുലമാക്കാനുള്ള 36 ഇന ഭാവിപ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചാണ് ജില്ലാ കമ്മിറ്റിയോഗം സമാപിച്ചത്. ഇതിനായി സമയബന്ധിതമായ പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഐ എമ്മിനുണ്ടായ ബഹുജനസ്വാധീനത്തെ മറികടക്കാൻ ചില കുപ്രചാരണങ്ങൾക്കായെന്ന് പാർടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മറികടക്കാനുള്ള ശക്തമായ ഇടപെടലുണ്ടാകും. തെരഞ്ഞെടുപ്പുകാലത്ത് തെറ്റിദ്ധരിക്കപ്പെട്ട് അകന്നുപോയ പാർടിബന്ധുക്കളെയും പാർടിയോട് എല്ലാക്കാലവും ചേർന്നുനിന്നിരുന്ന ജനവിഭാഗങ്ങളുടെയും വിശ്വാസം ആർജിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നതാണ് വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിലെ പ്രധാന തീരുമാനം. പയ്യന്നൂർ, തളിപ്പറന്പ് പോലുള്ള മണ്ഡലങ്ങളിൽ, ചില വിഷയങ്ങളുടെ പേരിൽ മാത്രം തെറ്റിദ്ധരിക്കപ്പെട്ടു പോയവർ ഒപ്പം തന്നെയുണ്ടാകുമെന്ന പ്രഖ്യാപനവും ഏറെ സുപ്രധാനമാണ്. 25 ന്റെ റാലി ചരിത്രമാകും സംഘടനാ കരുത്തിന്റെ വിളംബരമാകും 25ന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ലക്ഷം പേരുടെ റാലി. നഗരത്തിലെ ദസറ തിരക്ക് കാരണമാണ് റാലി മാറ്റിയത്. കണ്ണൂർ നഗരം സമീപകാലത്ത് കാണാത്ത ജനസഞ്ചയമാകും ഉച്ചകഴിഞ്ഞ് എത്തുക. വിപുലീകൃത ജില്ലാകമ്മിറ്റിക്ക് മുന്നോടിയായി ലോക്കലുകളിൽ സംഘടിപ്പിച്ച കുടുംബസംഗമങ്ങളിൽ രണ്ടുലക്ഷംപേർ അണിനിരന്നു. അതിന്റെ ആവേശ തുടർച്ച തന്നെയാകും 25ന്റെ റാലിയിലും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനടക്കം മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുക്കും.









0 comments