Deshabhimani

സഹകരണ വാരാഘോഷം അലങ്കോലമാക്കി എംഎൽഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 2 min read

പയ്യന്നൂർ

തളിപ്പറന്പ് സർക്കിൾ സഹകരണ വാരാഘോഷത്തിൽ പ്രകോപന പ്രസംഗവുമായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ. കണ്ടോത്ത് കൂർന്പ ഓഡിറ്റോറിയത്തിൽ നടന്ന തളിപ്പറന്പ്‌ സർക്കിൾ സഹകരണ വാരാഘോഷം ഉദ്‌ഘാടന ചടങ്ങിനിടെയാണ്‌ എംഎൽഎ സഹകാരികളെ അധിക്ഷേപിച്ചത്‌. പ്രസംഗം തുടങ്ങിയതുമുതൽ സിപിഐ എമ്മിൽനിന്ന്‌ പുറത്താകാനുണ്ടായ സാഹചര്യവും തെരഞ്ഞെടുപ്പും മറ്റുമാണ്‌ ഉദ്‌ഘാടകൻ വിശദീകരിച്ചത്‌. ഇതോടെ രാഷ്ട്രീയ പ്രസംഗം നടത്തേണ്ട വേദിയല്ല ഇതെന്ന്‌ സദസിലുണ്ടായിരുന്ന സഹകാരികൾ അഭ്യർഥിച്ചു. എന്ത് പ്രസംഗിക്കണമെന്ന് താൻ തീരുമാനിക്കുമെന്ന്‌ എംഎൽഎ പറഞ്ഞതോടെ സഹകാരികൾ പ്രതിഷേധവുമായി വേദിക്ക്‌ മുന്നിലെത്തി. പ്രകോപനമായി പ്രസംഗിക്കരുതെന്ന്‌ വേദിയിലുള്ളവരും ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയില്ല. ഇതിനിടെ എംഎൽഎക്കൊപ്പമെത്തിയ പിഎ പ്രസന്നൻ പ്രതിനിധികളെ വെല്ലുവിളിച്ചു. യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയതിന്‌ പിന്നാലെ പിഎയെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ പ്രധാന കവാടത്തിനുമുന്നിൽ പ്രതിഷേധിച്ചു. നേരത്തെ നഗസഭാ ചെയർമാൻ സരിൻ ശശിയെ ആയിരുന്നു വാരാഘോഷം ഉദ്‌ഘാടകനായി തീരുമാനിച്ചിരുന്നത്‌. എംഎൽഎ ഇടപെട്ട് സഹകരണ വകുപ്പിൽനിന്നും ഉദ്ഘാടകനായി എംപി, എംഎൽഎ ഇവർ ഇല്ലെങ്കിൽ മറ്റ് ജനപ്രതിനിധികൾ എന്ന പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെയാണ്‌ വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഉദ്ഘാടകനായി തീരുമാനിച്ചത്‌.


എംഎൽഎ സഹകാരികളെ അപമാനിച്ചുവെന്ന്‌ സംഘാടകർ

പയ്യന്നൂർ തളിപ്പറന്പ് സർക്കിൾ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടകനായ വി കുഞ്ഞികൃഷ്ണൻ എംഎൽഎ പ്രസംഗത്തിലൂടെ സഹകാരികളെ അപമാനിച്ചുവെന്ന്‌ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം കെ പ്രദീപ് കുമാർ. വാരാഘോഷം സംബന്ധിച്ച് ബന്ധപ്പെട്ടവർ നൽകിയ ആദ്യ അറിയിപ്പിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച്‌ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കാനായിരുന്നു നിർദേശം. ഇതുപ്രകാരമാണ്‌ നഗരസഭ ചെയർമാനായ സരിൻ ശശിയെ ഉദ്ഘാടകനായി തീരുമാനിച്ചത്. പിന്നീടാണ് സഹകരണവകുപ്പ്‌ സ്ഥലം എംപി, എംഎൽഎ എന്നിവരിൽ ആരെയെങ്കിലും ഉദ്ഘാടകനാക്കാൻ നിർദേശിച്ചത്. എംപിയുമായി ബന്ധപ്പെട്ടപ്പോൾ എത്താനാകില്ലെന്ന്‌ അറിയിച്ചു. ഇതോടെ വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ നിശ്ചയിച്ചു. പ്രസംഗത്തിന്റെ തുടക്കം മുതൽ സഹകരണ വാരാഘോഷത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്ത വിധമുള്ള പരാമർശങ്ങളാണ്‌ എംഎൽഎ നടത്തിയത്‌. സഹകാരികളെ അപമാനിക്കുന്ന പരാമർശമുണ്ടായി. ഇത് തുടർന്നപ്പോഴാണ്‌ സദസിൽനിന്നും ചില സഹകാരികൾ പ്രതിഷേധിച്ചത്‌. വാരാഘോഷവുമായി ബന്ധപ്പെട്ടാണ്‌ സംസാരിക്കേണ്ടതെന്ന്‌ ഇവർ ആവശ്യപ്പെട്ടത്‌. വേദിയിലിരുന്നവർ എംഎൽഎയോട് പ്രകോപനപരമായ പ്രസംഗം ഒഴിവാക്കാൻ അഭ്യർഥിച്ചെങ്കിലും എന്തുപ്രസംഗിക്കണമെന്ന് നിശ്ചയിക്കേണ്ടത് ഞാനാണെന്ന് മൈക്കിലൂടെ തന്നെ എംഎൽഎ പ്രതികരിച്ചുവെന്നും പ്രദീപ് കുമാർ പ്രസ്‌താവനയിൽ

അറിയിച്ചു.


പൊതുവേദികൾ അലങ്കോലമാക്കുന്നത്‌ ദ‍ൗർഭാഗ്യകരം

പയ്യന്നൂർ ​​

തളിപ്പറന്പ്‌ സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണ വാരാഘോഷത്തിൽ എംഎൽഎയുടെ ഉദ്ഘാടന പ്രസംഗം അപക്വമായിരുന്നുവെന്ന്‌ സിപിഐ എം ഏരിയാകമ്മറ്റി. സഹകാരികളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ്‌ എൽഎൽഎയുടേത്‌. സഹകരണവാരാഘോഷം കവല പ്രസംഗത്തിന്റെ വേദിയായും രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കുന്നതിനുള്ള ഇടമായും എംഎൽഎ മാറ്റി. പ്രകോപന പ്രസംഗത്തിലൂടെ പൊതുജനാധിപത്യ ഇടങ്ങളെ കൂടുതൽ കലുഷിതമാകാതിരിക്കാനുള്ള പക്വത എംഎൽഎ പുലർത്തേണ്ടതായിരുന്നു. ജനകീയ കൂട്ടായ്മകളുടെ വേദിയിൽ വിയോജിപ്പും വിദ്വേഷവും നിറക്കാനുള്ള നീക്കങ്ങളിൽനിന്നും എംഎൽഎ പിന്തിരിയണം. ഇത്തരം നീക്കങ്ങൾ ജനാധിപത്യസമൂഹം അപലപിക്കണമെന്നും ഏരിയാസെക്രട്ടറി പി സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home