Deshabhimani

സിയുടെ പ്രതിമയിൽ
കെ പിയുടെ ഓർമകൾ

സി കണ്ണന്റെ പ്രതിമ അനാഛാദനംചെയ്‌ത ചടങ്ങിൽ എം വി ഗോവിന്ദൻ, പിണറായി വിജയൻ തുടങ്ങിയവർക്കൊപ്പം കെ പി സഹദേവൻ (ഫയൽചിത്രം)
വെബ് ഡെസ്ക്

Published on Oct 24, 2026, 02:30 AM | 2 min read

കണ്ണൂർ കണ്ണൂർ നഗരത്തിൽ ഹെഡ്‌ പോസ്റ്റ്‌ഓഫീസിനരികെ സി കണ്ണന്റെ ജീവൻ തുടിക്കുന്ന പൂർണകായ പ്രതിമയുണ്ട്‌. കേരളത്തിൽ സി കണ്ണന്റേതായി ഉയർന്ന ഒരേയൊരു പ്രതിമ സിയുടെ ഇരുപതാം ചരമവാർഷികത്തിനാണ്‌ അനാഛാദനംചെയ്‌തത്‌. ഇത്‌ സാധ്യമായത്‌ കെ പി സഹദേവൻ എന്ന ട്രേഡ്‌ യൂണിയൻ നേതാവിന്റെ വിയർപ്പിലും നിശ്ചയദാർഢ്യത്തിലുമാണ്‌. ജ്യേഷ്‌ഠതുല്യനായ തൊഴിലാളി നേതാവിനോടുള്ള ഹൃദയാദരത്തിന്റെ മുദ്രയാണ്‌ നഗരഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന പ്രതിമ. കെ പി സഹദേവന്‌ അർബുദം സ്ഥിരീകരിച്ച്‌ ചികിത്സ തുടരവേയാണ്‌ പ്രതിമ നിർമാണം സമാന്തരമായി നീങ്ങിയത്‌. രോഗത്താലും ചികിത്സയുടെ പാർശ്വഫലങ്ങളാലും തളർന്നുപോയ ശരീരത്തിന്റെ അവശതകൾ വകവയ്‌ക്കാതെ പ്രതിമാനിർമാണ കമ്മിറ്റി ചെയർമാനായ കെ പി ഓടിനടക്കുകയായിരുന്നു. കലക്ടറേറ്റിനു മുന്നിലെ ബീഡിത്തൊഴിലാളി സമരത്തിൽ സംസാരിക്കുന്ന സി കണ്ണന്‌ ഉണ്ണി കാനായിയാണ്‌ ശിൽപഭാഷ്യമൊരുക്കിയത്‌. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ബീഡിത്തൊഴിലാളികളാണ്‌ പ്രതിമ സ്ഥാപിക്കാനുള്ള 30 ലക്ഷം രൂപ സമാഹരിച്ച്‌ നൽകിയത്‌. സ്വാതന്ത്ര്യസമര സേനാനിയും കണ്ണൂരിന്റെ ആദ്യ എംഎൽഎയും രണ്ടുവട്ടം മുനിസിപ്പൽ ക‍ൗൺസിലറും കേരളം ആദരിക്കുന്ന തൊഴിലാളി നേതാവുമായിരുന്ന സിയുടെ പ്രതിമ സ്ഥാപിക്കാൻ സ്ഥലം ആവശ്യപ്പെട്ട്‌ കെ പിയുടെ നേതൃത്വത്തിൽ കോർപറേഷന്‌ കത്തു നൽകിയിരുന്നു. മാസങ്ങളോളം അപേക്ഷയിൽ നടപടിയെടുക്കാതിരുന്ന കോർപറേഷൻ ഒടുവിൽ സ്ഥലം നൽകാനാവില്ലെന്ന തീരുമാനം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ്‌ പോസ്റ്റ്‌ഓഫീസ്‌ പരിസരത്തുള്ള റവന്യൂഭൂമി കണ്ടെത്തിയത്‌. ഇതിനായി സംസ്ഥാന സർക്കാരിന്‌ കത്ത്‌ നൽകി. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട്‌ കെ പിയും സഹപ്രവർത്തകരും നടപടി വേഗത്തിലാക്കി. അപ്പോഴാണ്‌ അടുത്ത പ്രശ്‌നം ഉയർന്നുവന്നത്‌. വിട്ടുകിട്ടിയ ഭൂമി വർഷങ്ങളായി നഗരമാലിന്യം തള്ളുന്ന ഇടമായിരുന്നു. ഒരു കെട്ടിടത്തോളം ഉയരമുണ്ടായിരുന്നു മാലിന്യമലയ്‌ക്ക്‌. മാലിന്യം സുരക്ഷിതമായി നീക്കിയാണ്‌ നിർമാണം ആരംഭിച്ചത്‌. ഇതിനായി മാത്രം 1,54,000 രൂപ ചെലവഴിച്ചു. രാഷ്ട്രീയ എതിരാളികൾക്ക്‌ സി കണ്ണൻ തോട്ടി കണ്ണനായിരുന്നു. തൊഴിലാളികൾക്ക്‌ സി എന്ന ഒറ്റയക്ഷരവും. വീടുകളിലെ മലം നീക്കുന്ന തൊഴിലിൽ ഏർപ്പെട്ടവരെ സംഘടിപ്പിച്ചതിന്‌ തോട്ടിക്കണ്ണനെന്ന പരിഹാസപ്പേര്‌ കിട്ടിയ സി കണ്ണന്‌ നഗരമധ്യത്തിൽ സ്‌മാരകം കെ പിയുടെ സ്വപ്‌നമായിരുന്നു. 2026 മാർച്ച്‌ 22ന്‌ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാഛാദനംചെയ്‌ത ചടങ്ങിലെ അധ്യക്ഷൻ കെ പി ആയിരുന്നു. സിയുടെ പ്രതിമയിലൂടെ ജനത ഓർമിക്കുക കെ പി സഹദേവനെന്ന പിന്മുറക്കാരനെയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home