Deshabhimani

സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

ഇരുപതിന്റെ നിറവിൽ പയ്യന്നൂർ ‘ആസ്ട്രോ'

പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം കെട്ടിടം

പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം കെട്ടിടം

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 01:30 AM | 1 min read

പയ്യന്നൂർ

അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രബോധം ഉയർത്തിപ്പിടിച്ച് വാനനിരീക്ഷണ രംഗത്ത് വിസ്മയങ്ങൾ തീർത്ത പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം ‘ആസ്ട്രോ' ഇരുപതാംവർഷത്തിലേക്ക്. ഒരുവർഷം നീളുന്ന വാർഷികാഘോഷത്തിനുള്ള സംഘാടകസമിതി രൂപീകരണ യോഗം ഞായർ വൈകിട്ട് നാലിന് ഏച്ചിലാംവയൽ വായനശാലയിൽ ചേരും. വാർഷികത്തിന്റെ ഭാഗമായി ആകാശ-–ഗ്രഹണ നിരീക്ഷണ ക്യാമ്പുകൾ, ടെലിസ്കോപ്പ് നിർമാണ പരിശീലനം, ആസ്ട്രോ ഫോട്ടോഗ്രഫി പ്രദർശനം, ശാസ്ത്ര സെമിനാറുകൾ എന്നിവയുമുണ്ടാകും. വാനനിരീക്ഷകൻ വെള്ളൂർ ഗംഗാധരന്റെ നേതൃത്വത്തിൽ 2006-ൽ ജനകീയ പങ്കാളിത്തത്തോടെയാണ് ആസ്ട്രോ ആരംഭിച്ചത്. പാവൂർ നാരായണൻ പ്രസിഡന്റും ഇ ഭാസ്കരൻ വൈസ് പ്രസിഡന്റും കെ ഗംഗാധരൻ ഡയറക്ടറും ആർ മുരളീധരൻ സെക്രട്ടറിയുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനം തുടങ്ങിയത്‌. ഏച്ചിലാംവയലിൽ എം പി സാവിത്രിയമ്മയുടെ സ്മരണയ്ക്കായി മക്കൾ നൽകിയ ഒരേക്കറിൽ പ്രവർത്തിക്കുന്ന സ്ഥാപനം പിന്നീട് പയ്യന്നൂർ നഗരസഭയ്ക്ക് കൈമാറി. ഐഎസ്ആർഒ ശാസ്ത്രജ്ഞരുൾപ്പെടെയുള്ള വിദഗ്ധർ ഇവിടെ സൗജന്യമായി ക്ലാസുകൾ നയിക്കുന്നു. ടി പി ശ്രീധരൻ മാസ്റ്ററുടെ സ്മരണയ്ക്കായി സ്ഥാപിച്ച ‘സ്കൈലാബ്' പ്ലാനറ്റോറിയവും നിരീക്ഷണാലയവും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എന്നും കൗതുകമാണ്. ടി ഐ മധുസൂദനൻ എംഎൽഎയായിരിക്കെ നടത്തിയ ഇടപെടലിലൂടെ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടുമീറ്റർ വ്യാസമുള്ള ഡിജിറ്റൽ പ്ലാനറ്റോറിയം, ത്രിഡി തിയറ്റർ, ഇന്നൊവേഷൻ ലാബുകൾ, ഓപ്പൺ സയൻസ് പാർക്ക് എന്നിവ ഒരുങ്ങുന്നതോടെ പ്രാദേശിക ടൂറിസത്തിനും വലിയ കുതിപ്പുണ്ടാകും. ഐഎസ്ആർഒ റിട്ട. സയന്റിസ്റ്റ് വി പി ബാലഗംഗാധരൻ രക്ഷാധികാരിയും ഇ ഭാസ്കരൻ പ്രസിഡന്റും രമേശൻ പുതിയറക്കൽ സെക്രട്ടറിയും കെ ഗംഗാധരൻ വെള്ളൂർ ഡയറക്ടറുമായ ഭരണസമിതിയാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home