Deshabhimani

ആ 10 മിനിറ്റ്... ഒരു ജീവന്റെ വില

മിഠായി തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച ആശാ പ്രവർത്തക സുജാതയെ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ് 
നിജിലേഷ് പറമ്പൻ അനുമോദിക്കുന്നു
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

മയ്യിൽ

കളിചിരിയുമായി ഓടിനടന്ന കുട്ടിയുടെ ശബ്ദം പെട്ടെന്ന് നിലച്ചു. തൊണ്ടയിൽ മിഠായി കുടുങ്ങി ശ്വാസംമുട്ടി നിൽക്കുന്ന പതിനൊന്നുകാരന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം ചുറ്റുമുള്ളവരും പകച്ചുനിന്നു. എന്നാൽ, ഒരുനിമിഷം പാഴാക്കാതെ ഒരുകൈ കുട്ടിയുടെ നേർക്കുവന്നു. പിറകിൽനിന്ന് കുട്ടിയെ ചേർത്തുപിടിച്ച് വയറിൽ ശക്തമായി സമ്മർദം നൽകി പുറത്ത് തട്ടിയ ഇ വി സുജാതയുടെ ഇടപെടലാണ് പതിനൊന്നുകാരന്‌ പുതുജീവനേകിയത്. കഴിഞ്ഞ ആഗസ്ത് 31നാണ്‌ സംഭവം. ചെറുപഴശ്ശിയിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുവീട്ടിൽ എത്തിയതായിരുന്നു സുജാത. പെട്ടന്നാണ് സമീപത്തെ പ്രതീക്ഷ കലാകേന്ദ്രത്തിനടുത്ത് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന വിദ്യാർഥി വെള്ളം വേണമെന്ന ആവശ്യവുമായി തൊട്ടടുത്ത വീട്ടിലേക്ക് എത്തിയത്. തൊണ്ടയിൽ കൈവച്ച്‌ കണ്ണുനിറഞ്ഞ്‌ വന്നവനോട്‌ കാര്യം തിരക്കിയപ്പോഴാണ് മിഠായി തൊണ്ടയിൽ കുടുങ്ങിയ കാര്യം പറഞ്ഞത്. അവിടെ ഉണ്ടായിരുന്ന സുജാത കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി. പകച്ചുനിൽക്കുന്നതിന് പകരം ഉടൻ ഇടപെടുകയായിരുന്നു. കുട്ടിയെ പിറകിൽനിന്ന് ചേർത്തുപിടിച്ച് വയറിന് ശക്തമായി സമ്മർദം നൽകുകയും പുറത്ത് തട്ടുകയും ചെയ്തു. ഒരു നിമിഷം പോലും പിന്മാറാതെ നടത്തിയ പരിശ്രമം പത്തുമിനിറ്റോളം നീണ്ടു. ഒടുവിൽ തൊണ്ടയിൽ കുടുങ്ങിയ മിഠായി പുറത്തുവന്നു. കുട്ടിക്ക് ശ്വാസം സാധാരണ നിലയിലായി. സുജാതയുടെ സമയോചിത ഇടപെടലിലാണ്‌ കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്‌. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന പ്രാഥമിക ധാരണയും ആശാ പ്രവർത്തകയെന്ന നിലയിൽ ലഭിച്ച സേവനപരിചയവുമാണ്‌ സുജാതയ്ക്ക് സഹായകമായത്‌. കുറ്റ്യാട്ടൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ആശാ പ്രവർത്തകയാണ് പൊറോളം സ്വദേശിനിയായ ഇ വി സുജാത. ഭർത്താവ്: ബാബുരാജൻ. പതിനൊന്നുകാരന്റെ ജീവൻ രക്ഷിക്കാൻ നടത്തിയ സമയോചിത ഇടപെടലിന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഭരണസമിതി സുജാതയെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home