print edition സംഭൽ അക്രമണകേസ്; യുപി സർക്കാരിന് 10 ലക്ഷം പിഴയിട്ട് സുപ്രീംകോടതി

ഉത്തർപ്രദേശിലെ സംഭലിലുള്ള ഷാഹി ജമാമസ്‌ജിദ്
ന്യൂഡൽഹി : ഉത്തർപ്രദേശിലെ സംഭൽ ആക്രമണക്കേസിലെ പ്രതി മുല്ല അഫ്‌റോസിന്റെ കരുതൽ തടങ്കൽ സുപ്രീം കോടതി റദ്ദാക്കുകയും ആദിത്യനാഥ് സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു. 2024 നവംബറിൽ നടന്ന ആക്രണങ്ങളുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) ചുമത്തി മുല്ല അഫ്‌റോസിനെ തടവിൽ വെച്ചത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ നൽകിയ കുറ്റസമ്മതമൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും പ്രസക്തമായ മറ്റ് സാഹചര്യങ്ങളും വസ്‌തുതകളും കൂടി അധികൃതർ കണക്കിലെടുക്കേണ്ടതായിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
2024 നവംബറിൽ ഷാഹി ജമാമസ്‌ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവേ നടക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 2025 ജനുവരിയിലാണ് മുല്ല അഫ്‌റോസിനെ അറസ്റ്റ് ചെയ്‌തത്. 2025 ഒക്ടോബർ 13ന് എൻഎസ്‌എ പ്രകാരം തടവിലിടാൻ സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയും ഉത്തരവ് ശരിവെച്ചതോടെയാണ് അഫ്‌റോസ് സുപ്രീംകോടതിയെ സമീപിച്ചത്.
തടങ്കൽ ഉത്തരവിടാൻ ബന്ധപ്പെട്ട അധികാരി നിരത്തിയ മുഴുവൻ കാരണങ്ങളും പരിശോധിച്ചതിൽനിന്നും അധികാരദുർവിനിയോഗം നടത്തിയെന്ന നിഗമനത്തിൽ എത്തിച്ചേർന്നതോടെയാണ് കോടതി യുപി സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തിയത്.








0 comments