print edition 3000 രൂപയുടെ മരുന്ന് എന്തിന് 27,000ന് വില്‍ക്കുന്നു; കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി


സ്വന്തം ലേഖകൻ
Published on Sep 30, 2026, 02:18 AM | 1 min read
ന്യൂഡൽഹി : അർബുദം ഉൾപ്പടെയുള്ള ഗുരുതര രോഗങ്ങളുടെ മരുന്നുവിലയിലുണ്ടായ വൻവർധന നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കാത്തതിനെതിരെ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. റീട്ടെയ്‌ലർ വിലയുടെ (പിടിആർ) 16 ശതമാനത്തിലധികം വരാത്ത നിലയിൽ എല്ലാ മരുന്നുകളുടെയും പരമാവധി ചില്ലറ വിൽപ്പനവില (എംആർപി) നിയന്ത്രിക്കാൻ ഏകീകൃത നിയമം കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്‌ത എന്നിവരുടെ ബെഞ്ച് ചോദിച്ചു. പിടിആറും എംആർപിയും തമ്മിലുള്ള ഗുരുതരവൈരുധ്യം ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്‌തത്.
റീട്ടെയ്‌ലർക്ക് 3000 രൂപയ്‌ക്ക് ലഭിക്കുന്ന അർബുദത്തിനുള്ള മരുന്നിന് ഉപയോക്താക്കളിൽ നിന്നും 27,000 രൂപ വരെ ഇൗടാക്കുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് സന്ദീപ് മെഹ്‌ത ചോദിച്ചു. മരുന്നുവില നിയന്ത്രണ ഉത്തരവ് (ഡിപിസിഒ) പ്രകാരം അവശ്യ മരുന്നുകൾക്കും അവശ്യപട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും വ്യത്യസ്‌ത വില നിയന്ത്രണ സംവിധാനം ഉണ്ടാക്കിയതിനെയും കോടതി ചോദ്യം ചെയ്‌തു.
വൻകിട കോർപറേറ്റ് ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികളോട് മിക്കപ്പോഴും ആശുപത്രിക്കുള്ളിലെ ഫാർമസികളിൽ നിന്നുതന്നെ മരുന്നുകൾ വാങ്ങണമെന്ന് ചട്ടംകെട്ടാറുണ്ട്. അവിടെ കൂടുതൽ വില ഇൗടാക്കുന്ന സാഹചര്യങ്ങളുണ്ടാകുന്പോൾ രോഗി അതിന്റെ ഭാരം വഹിക്കേണ്ടി വരുന്നു. അതേസമയം, ആയുഷ്‌മാൻ ഭാരത് ഉൾപ്പടെയുള്ള പദ്ധതികളിൽ ചികിത്സാച്ചെലവ് സർക്കാർ ഫണ്ടിൽ നിന്നാണ് പോകുന്നത്. രണ്ടായാലും, അമിതവിലയുടെ ഭാരം നികുതിദായകരുടെ മേലാണ് പതിക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ‘പരമാവധി 16 ശതമാനം അല്ലെങ്കിൽ അതുപോലെ ഒരു പരിധി, വിലയിൽ ഏർപ്പെടുത്താത്തത് എന്താണ്? എല്ലാ വൈദ്യഉപകരണങ്ങളും മരുന്നുകളും അവശ്യവസ്‌തു നിയമത്തിന് കീഴിൽ വരുന്നതാണ്. അവശ്യ വസ്‌തുവാണെങ്കിൽ അതിനെ ഡിപിസിഒ ഉത്തരവിൽ നിന്നും ഒഴിവാക്കാൻ കഴിയുമോ?’– കോടതി ചോദിച്ചു.
ഒക്ടോബർ 12 ന് കേസ് വീണ്ടും പരിഗണിക്കും.








0 comments