Deshabhimani

print edition കർണാടകത്തിൽ വ്യാപക വോട്ടുവെട്ട്; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു

sir voters exclude
വെബ് ഡെസ്ക്

Published on Sep 30, 2026, 02:24 AM | 1 min read

ബംഗളൂരു : വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യുടെ മറവിൽ കർണാടകത്തിലും ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ വെട്ടാൻ നീക്കം. വിവിധ നിയമസഭാ മണ്ഡലങ്ങളിൽ ‘ഫോം- 7’ ദുരുപയോഗംചെയ്ത് ആയിരത്തിലധികം അപേക്ഷകൾ നൽകിയതയായി ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്തു. പുറന്തള്ളപ്പെടുന്നതിൽ ഭൂരിഭാഗവും മുസ്ലിം, ആദിവാസി, ദളിത്‌ വിഭാഗത്തിൽപ്പെട്ടവരാണ്‌.


ബിജെപിയുടെ സ്വാധീനമേഖകളിൽനിന്നാണ്‌ കൂടുതൽ അപേക്ഷകളും. ഒരു വ്യക്തിതന്നെ നൂറുകണക്കിനുപേരെ ഒഴിവാക്കാൻ അപേക്ഷ നൽകിയതോടെയാണ്‌ വിവരം പുറത്തുവന്നത്‌. ബബലേശ്വർ, ബാൽകി, ബസവകല്യാൺ തുടങ്ങിയ മേഖലകളിലാണ്‌ വോട്ടുവെട്ടൽ രൂക്ഷമായത്‌.

ബബലേശ്വറിൽ സെപ്തംബർ 22-ന് ലഭിച്ച 1,373 അപേക്ഷകളിൽ 1,363 എണ്ണവും പത്തുപേർ ചേർന്ന്‌ സമർപ്പിച്ചതാണ്‌. ഇവിടെ ‘ഹുച്ചപ്പ ഗാണിഗർ’ എന്നയാൾ രണ്ടു ദിവസങ്ങളിലായി അഞ്ഞൂറോളം അപേക്ഷനൽകി.


ബാൽകിയിൽ മുപ്പതോളംപേർ 1,700-ലധികംപേരെ നീക്കാൻ ശ്രമിച്ചു. ബസവകല്യാണിൽ ഒരു കേന്ദ്രത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ട് ‘സിദ്ധപ്പ’ എന്നയാളാണ്‌ ഭൂരിഭാഗം അപേക്ഷയും നൽകിയത്. വോട്ടർമാർ സ്ഥിരമായി സ്ഥലംമാറിപ്പോയി എന്നാണ് ഇ‍ൗ അപേക്ഷകളിലെല്ലാം രേഖപ്പെടുത്തിയത്‌. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സമീപ ഗ്രാമങ്ങളിൽ ജോലിക്കുപോയവരേയും ബന്ധുവീട്ടിൽ താമസമായവരെയുമെല്ലാം ഇ‍ൗ കാരണത്തിൽ ഒഴിവാക്കുന്നുണ്ട്‌. ഇത്രയധികം തെളിവുകൾ പുറത്തുവന്നിട്ടും പരിശോധന നടത്തുമെന്ന പതിവ്‌ വാദത്തിൽ ഉറച്ചുനിൽക്കുകയാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home