ad
Deshabhimani

തീർഥാടന ടൂറിസം സാധ്യതകൾ 
തുറന്ന് കക്കുളങ്ങര പള്ളി

നവീകരണപ്രവൃത്തി നടക്കുന്ന വളപട്ടണത്തെ  കക്കുളങ്ങര പള്ളി

നവീകരണപ്രവൃത്തി നടക്കുന്ന വളപട്ടണത്തെ കക്കുളങ്ങര പള്ളി

avatar
ആദർശ്‌ ലക്ഷ്‌മണൻ

Published on Feb 04, 2026, 02:30 AM | 1 min read

വളപട്ടണം

തീർഥാടന ടൂറിസം മേഖലയിൽ അനന്തസാധ്യകൾ തുറന്നിട്ട്‌ വളപട്ടണത്തെ കക്കുളങ്ങര പള്ളിയുടെ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. നവീകരണം പൂർത്തിയാകുന്നതോടെ വളപട്ടണത്തെ ഇ‍ൗ പുരാതന ആരാധനാലയത്തിന്റെ ചരിത്ര പാരമ്പര്യവും സംസ്‌കാരിക പൈതൃകങ്ങളും സഞ്ചാരികൾക്ക് തൊട്ടറിയാനാകും. ചരിത്രത്തിൽ അടയാളപ്പെടുത്തിയ മതസാഹോദര്യത്തിന്റെ കേന്ദ്രമാണ് 1,300 വർഷം പഴക്കമുള്ള കക്കുളങ്ങര പള്ളി. കുഫിക് ലിപിയിലുള്ള ശിലാരേഖ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ പഴക്കംചെന്ന ശിലാരേഖകളിലൊന്നാണിത്. ചരിത്ര പ്രാധാന്യമുള്ള പള്ളി നവീകരിക്കണമെന്നത് വളപട്ടണത്തുകാരുടെ ചിരകാല ആവശ്യമായിരുന്നു. കെ വി സുമേഷ് എംഎൽഎയുടെ ഇടപെടലിലൂടെയാണ് ഇത് യഥാർഥ്യമായത്. പള്ളി നവീകരിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള എംഎൽഎയുടെ നിയമസഭ സബ്മിഷനെത്തുടർന്നാണ് തലശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളി നവീകരിക്കാൻ നടപടിയായത്. തീർഥാടനത്തിനപ്പുറം ആരാധനാലയത്തിന്റെ ചരിത്ര പ്രാധാന്യവും പൈതൃകവും ജനങ്ങളിലേക്കെത്തിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം പൈതൃകസംരക്ഷണം കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. കുളം നവീകരണവും ചുറ്റുമതിൽ നിർമാണവും പൂർത്തിയായി. കുളപ്പുര, പടിപ്പുര, നടപ്പാത എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നു. കൂടാതെ സഞ്ചാരികൾക്ക് വിശ്രമമുറിയും ശുചിമുറി സൗകര്യവും ഒരുക്കും. ടൂറിസം വകുപ്പ് ഒരുകോടി രൂപ ചെലവഴിച്ചാണ്‌ പള്ളി നവീകരിക്കുന്നത്‌. കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമാണച്ചുമതല. രണ്ടുമാസംകൊണ്ട് പ്രവൃത്തികൾ പൂർത്തിയാകും. മതസൗഹാര്‍ദത്തിന്റെ കേന്ദ്രമായ കക്കുളങ്ങര പള്ളിപോലുള്ള ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്നും നവീകരണം യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ വളപട്ടണത്തേക്ക് എത്തുമെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home