ad
Deshabhimani

കടുവ പിടിയിലായത്‌ വനംവകുപ്പിന്റെ ജാഗ്രതയിൽ

അയ്യങ്കുന്ന്‌ പാലത്തുംകടവിൽ കൂട്ടിലായ കടുവ വയനാട് കുപ്പാടിയിലെ ആനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ
avatar
സ്വന്തം ലേഖകൻ

Published on Jan 11, 2026, 12:22 AM | 2 min read

ഇരിട്ടി

അയ്യങ്കുന്ന് പാലത്തുംകടവിൽ നാല്‌ പശുക്കളെ കടിച്ചുകൊന്ന കടുവ പിടിയിലായത് വനംവകുപ്പിന്റെ ഉ‍ൗർജിത നീക്കത്തിൽ. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടെ നടത്തിയ ദൗത്യം ഏകോപന മികവുകൂടിയായി. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ്‌ കടുവ വനംവകുപ്പ് വച്ച കൂട്ടിൽ കുടുങ്ങിയത്‌. കടുവ കൊന്ന കിടാരിയുടെ ജഡം ഇരയാക്കിയാണ്‌ കൂട്ടിലേക്ക് ആകർഷിച്ചത്. വനം വകുപ്പ്‌ ദ്രുതകർമ സേനയും പൊലീസുകാരും ചേർന്ന സംഘം കൂടിനടുത്ത്‌ കാവൽനിന്നു. കൂട്ടിലായ കടുവയെ ഒരു മണിക്കൂറിനകം ആരോഗ്യസ്ഥിതി വിലയിരുത്തി വയനാട് കുപ്പാടിയിലെ അനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക്‌ മാറ്റി. കുപ്പാടിയിൽ വനം, മൃഗ സംരക്ഷണ വിഭാഗങ്ങളുടെ സംയുക്ത നിരീക്ഷണത്തിലാണ്‌ കടുവ. ഏകദേശം പത്ത് വയസ്സുള്ള ഇ‍ൗ ആൺ കടുവയുടെ താഴത്തെ കോമ്പല്ലുകളിൽ രണ്ടെണ്ണം പ്രായാധിക്യത്താൽ തേയ്മാനം വന്നതായും മുകൾ നിലയിലെ രണ്ട് കോമ്പല്ലുകൾ പൊട്ടിയതായും വനം വകുപ്പ് ഉത്തരമേഖലാ സർക്കിൾ വെറ്ററിനറി ഡോ. ഏലിയാസ് റാവുത്തർ പറഞ്ഞു. കടുവയുടെ ആരോഗ്യനില തൃപ്തികരമാണ്‌. പൂർണ ആരോഗ്യം കൈവരിക്കുന്നതോടെ കടുവയെ ഉൾവനത്തിലേക്ക് വിടും. വനം ഉത്തരമേഖലാ സിസിഎഫ് അഞ്ജൻകുമാർ, ഡിഎഫ്ഒ എസ് വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ, ആർആർടി ഡെപ്യൂട്ടി റെയിഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടിയത്‌. നഷ്ടപരിഹാരം ആദ്യ ഗഡു നാളെ കൈമാറും കടുവ കടിച്ചുകൊന്ന നാല്‌ പശുക്കളെ ഉടമ സരസു പുല്ലാട്ടുകുന്നേലിന്‌ നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു തിങ്കളാഴ്ച നൽകുമെന്ന് വനം കൊട്ടിയൂർ റെയ്‌ഞ്ചർ നിഥിൻ രാജ് പറഞ്ഞു. നഷ്ടപരിഹാരമായി കണക്കാക്കിയ തുകയുടെ 80 ശതമാനമാണ് ആദ്യ ഗഡുവായി നൽകുന്നത്. വനം വകുപ്പിന്റെ ഫണ്ടിൽനിന്നുള്ള പണമാണിത്‌. ബാക്കി ഇരുപത്‌ ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ അനുവദിക്കാമെന്ന് ഇരിട്ടി തഹസിൽദാറും കുടുംബത്തിന് ഉറപ്പുനൽകി.


കിളിയന്തറയിൽ 
പുലിയെ കണ്ടെന്ന്‌

ഇരിട്ടി

കിളിയന്തറ ഹയർ സെക്കൻഡറി സ്കൂളിനടുത്ത റബർ തോട്ടത്തിലാണ് പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളി. ശനി പുലർച്ചെ അഞ്ചരയോടെ ടാപ്പിങ്ങിനെത്തിയ അനിൽ പുലിയെ നേരിൽ കണ്ടതായി പറഞ്ഞു. മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തുന്നതിനിടെ പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നുവെന്ന്‌ അനിൽ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന്‌ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കിളിയന്തറ ചക്രമാക്കൽ സൈമണിന്റെ തോട്ടത്തിലാണ് പുലിയെ കണ്ടത്‌. നിരവധി വീടുകളുള്ള പ്രദേശമാണിത്. റബർ തോട്ടത്തിൽനിന്ന്‌ 100 മീറ്റർ അകലെയാണ് കിളിയന്തറ ഹയർ സെക്കൻഡറി സ്കൂൾ. പായം പഞ്ചായത്ത് എം വിനോദ്കുമാർ പൊലീസിലും വനവകുപ്പിലും വിവരം അറിയിച്ചു. പത്തോടെ പൊലീസ്‌, വനം വകുപ്പ്‌ അധികൃതരും ജനപ്രതിനിധികളുമെത്തി തെരച്ചിൽ നടത്തി. ചില കാൽപ്പാടുകൾ കണ്ടെങ്കിലും പുലിയുടേതല്ലെന്ന നിഗമനത്തിലാണ് വനവകുപ്പ്. പുലർച്ചെ ഇതുവഴിയെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


പാലത്തുംകടവിൽ ഭീതിയൊഴിയുന്നില്ല

ഇരിട്ടി

കർണാടകത്തിലെ മാക്കൂട്ടം ബ്രഹ്മഗിരി വനത്തിൽനിന്ന്‌ അഞ്ഞൂറ്‌ മീറ്റർ ദൂരത്തിലാണ്‌ പാലത്തുംകടവ്‌ പ്രദേശം. കർണാടകത്തിന്റെ കടുവാ സങ്കേതം അടക്കമുള്ള വനമേഖലക്കടുത്താണ്‌ കുടകിലെ ബ്രഹ്മഗരി വന്യജീവി സങ്കേതം. മുടിക്കയം വനമേഖലയും പാലത്തുംകടവിന്റെ അഞ്ഞൂറ്‌ മീറ്റർ അകലത്തിലാണ്‌. ആവർത്തിക്കപ്പെടുന്ന വന്യമൃഗ സാന്നിധ്യത്തിന്റെ ഭീതിയിലാണ്‌ പാലത്തുംകടവ്‌ അടക്കമുള്ള കേരളത്തിന്റെ മലയോര ജനവാസ മേഖലകൾ. ബ്രഹ്മഗിരി വന്യജീവി സങ്കേതം അതിരിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ കർണാടകം മുൻകൈയെടുക്കണമെന്ന ആവശ്യമാണ്‌ അയ്യങ്കുന്ന്‌ പാലത്തുംകടവ്‌ മേഖലയിലെ ജനങ്ങൾ ആവശ്യപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home