പദ്ധതി ഫണ്ടും ധനകാര്യ കമീഷൻ ഫണ്ടും വെട്ടിക്കുറച്ചു
തദ്ദേശ സ്ഥാപനങ്ങൾവഴിയുള്ള വികസനം തകിടം മറിയും


സ്വന്തം ലേഖകൻ
Published on Jun 26, 2026, 02:46 AM | 2 min read
കാസർകോട്
സംസ്ഥാന ബജറ്റിൽ പദ്ധതി ഫണ്ടും ധനകാര്യ കമീഷൻ ഫണ്ടും വെട്ടിക്കുറച്ചത് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ മുഖാന്തരം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മുൻ വർഷത്തെക്കാൾ 9.33 കോടി കുറവാണ് ഇത്തവണ ജില്ലാപഞ്ചായത്ത് വിഹിതത്തിൽ ഉണ്ടായത്. വികസന ഫണ്ട് ജനറൽ ഇനത്തിൽ 1.29 കോടി, പട്ടിക ജാതി വികസന ഫണ്ടിൽ 1.05 കോടി, പട്ടിക വർഗ വികസന ഫണ്ടിൽ 86 ലക്ഷം, ധനകാര്യ കമീഷൻ വിഹിതത്തിൽ 6 കോടി എന്നിങ്ങനെ ജില്ലാ പഞ്ചായത്ത് വിഹിതത്തിൽ മൊത്തമുണ്ടായ 9. 33 കോടിക്ക് പുറമെ സ്പിൽ ഓവർ അധികരിച്ചത് മൂലം മാത്രം പുതുതായി രൂപീകരിക്കേണ്ട പദ്ധതികളിൽ ഏകദേശം 16 കോടിയുടെ കുറവ് അനുഭവപ്പെടും. ഇതും കൂടെ ചേർത്താൽ ഏതാണ്ട് 25 കോടി രൂപയാണ് ഈ വർഷത്തെ പദ്ധതി രൂപീകരിച്ചതിൽ കുറവ് വരുത്തേണ്ടിവരുക. ഇതുകൂടാതെ ഈ സാമ്പത്തിക വർഷം തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും നടന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ ടെൻഡർ നടപടികളിലുണ്ടായ കാലതാമസം പൊതുവിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളെ ബാധിച്ചു. 66 ശതമാനം തുക മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലാപഞ്ചായത്തിന് ചിലവഴിക്കാനായത്. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തികളിൽ 20 ശതമാനം മാത്രമേ സ്പിൽ ഓവർ ആയി ഉൾപ്പെടുത്താൻ കഴിയൂ. ഇത് 35 ശതമാനമായി ഉയർത്തണമെന്ന പൊതു ആവശ്യം ഇത് വരെ സർക്കാർ പരിഗണിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വർഷത്തെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള തുകയുടെ അവസാന ഗഡു ഇതുവരെയും സംസ്ഥാന സർക്കാർ കൈമാറാത്തതും വലിയ പ്രതിസന്ധിയാണ്. നിലവിലെ വിലയിരുത്തലിൽ മാത്രം ഏകദേശം 100 കോടി രൂപയുടെ കുറവ് ഈ സാമ്പത്തിക വർഷം ജില്ലയിൽ അനുഭവപ്പെടും. ഇത് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജില്ലയുടെ പ്രാദേശിക വികസനത്തെ തകിടം മറിക്കുകയും ചെയ്യും. ജില്ല നേരിടുന്ന പ്രതിസന്ധി മനസിലാക്കി കൂടുതൽ തുക അനുവദിക്കാനാവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭയുടെ 6 കോടി വെട്ടി
സ്വന്തം ലേഖകൻ കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നഗരസഭയുടെ ആദ്യ ബജറ്റിൽ ഉൾപ്പെടുത്തിയ പ്ലാൻ ഫണ്ട് ആറു കോടിയോളം സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചു. 2026-–27 വാർഷിക പദ്ധതി രൂപീകരിക്കുന്നതിലേക്കായി പ്ലാൻ ഫണ്ട് സാധാരണ വിഹിതം 9,69,02000- രൂപ, എസ് സിപി -1,07,00,000 രൂപ, ടിഎസ്‌പി - 27,65,000 രൂപയും. മെയിന്റനൻസ് ഗ്രാന്റ് റോഡ്- 6,57,57,000 രൂപയും, റോഡിതരത്തിൽ 3,22,90,000 രൂപയും വകയിരുത്തിയതാണ്. പ്ലാൻ ഫണ്ട് ജനറൽ ഇനത്തിൽ ലഭിച്ച 9,69,2000- രൂപയിൽ 9,04,95,503 രൂപയുടെ പദ്ധതി രൂപീകരിക്കുകയും അതിന് ഡിപിസി അംഗീകാരം ലഭിച്ചിതുമാണ്. എസ്‌സിപി ഫണ്ടിനത്തിൽ ലഭിച്ച 1,07,00,000 രൂപയിൽ 87,70,000 രൂപയുടെ പദ്ധതി രൂപീകരിച്ച് ഡിപിസി അംഗീകാരം ലഭിച്ചതാണ്. ടിഎസ്‌പി ഫണ്ടിനത്തിൽ ലഭിച്ച 27,65,000 രൂപയിൽ 19,00,000- രൂപയുടെ പദ്ധതി രൂപീകരിച്ച് ഡിപിസി അംഗീകാരം ലഭിച്ചു. നിയമസഭാ തെരെഞ്ഞടുപ്പ് ആസന്നമായിരുന്നതിനാൽ അനിവാര്യ പദ്ധതികൾമാത്രം ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഡിപിസി അംഗീകാരം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ലഭിച്ച നിർദേശം. അനിവാര്യ പദ്ധതികൾ മാത്രം ഉൾപ്പെടുത്തി പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളാണ് രൂപീകരിച്ചത്. വിവിധ വർക്കിങ് ഗ്രൂപ്പകളിൽനിന്നും ലഭിച്ചിട്ടുള്ള പദ്ധതി നിർദേശം മേൽകാരണത്താൽ പൂർണമായി ഉൾപ്പെടുത്തുന്നതിനും മുൻ വർഷങ്ങളിലേതിന് സമാനമായ പൂർണ പദ്ധതി രൂപീകരണവും സാധിച്ചിരുന്നില്ല. റിവൈസ്‌ഡ് ബജറ്റ് പ്രകാരം കാഞ്ഞങ്ങാട് നഗരസഭയ്ക്ക് അനുവദിച്ച പ്ലാൻ ഫണ്ട് സാധാരണ വിഹിതം 2,88,90,00, എസ്‌സിപി വിഹിതം 90,95,000 രൂപയും -ടിഎസ്‌പി 23,52,000 രൂപയും മാത്രമാണ്. ഇതോടെ നഗരസഭ ആസൂത്രണംചെയ്‌ത വികസന പദ്ധതികൾ അവതാളത്തിലാവും.









0 comments