ഇത് മടിക്കൈ മോഡൽ
താമസത്തിന് വീടുകൾ വിട്ടുനൽകി ബങ്കളത്തിന്റെ സ്‌നേഹം

കലോത്സവ നഗരിയ്ക്കടുത്തുള്ള താമസസ്ഥലമായ വീട്ടിൽനിന്ന് മത്സരവേദിയിലേക്ക് ആധ്യാപികമാരോടൊപ്പം വരുന്ന പെൺകുട്ടികൾ
സുരേഷ് മടിക്കൈ
Published on Jun 26, 2026, 02:44 AM | 1 min read
ബങ്കളം
ഇവിടത്തുകാർ ഇങ്ങിനെയാണ്. സ്നേഹം പ്രകടിപ്പിക്കാനും അതിഥികളെ സ്വീകരിക്കാനും സ്വന്തം വീട് തന്നെ നൽകുന്ന മാതൃകയായി ബങ്കളം നിവാസികൾ. സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന്റെ മത്സരങ്ങൾക്ക് മടിക്കൈ ബങ്കളത്തെത്തിയ കലാപ്രതിഭകളായ പെൺകുട്ടികൾക്കും അധ്യാപികമാർക്കുമാണ് ബങ്കളം സ്കൂൾ പരിസരത്തെ മുഴുവൻ വീടുകളിലും താമസമെരുക്കി മാതൃകയായത്. 450 പെൺകുട്ടികൾക്കും അവരുടെ കുടെ വന്നവർക്കും മടിക്കൈ പഞ്ചായത്ത് 10, 11 വാർഡുകളിലെ 300 ഓളംവീടുകളിൽ താമസമൊരുക്കിയത്. ചിലർ വീട് പൂർണമായും വിട്ടുനൽകി ബന്ധുവീടുകളിലേക്ക് താമസം മാറി. ഗ്രാമപ്രദേശത്ത് ലോഡ്ജുകൾ ലഭിക്കാത്തതിനാലാണ് വീടുകൾ കണ്ടെത്തിയത്. ഭക്ഷണമൊരുക്കാനും നാട്ടുകാർ ഒത്തുകൂടി മാതൃകയായി. പഞ്ചായത്തിലെ 260 ഓളം കുടുംബശ്രീകളാണ് രണ്ട് ദിവസത്തെ ഭക്ഷണമൊരുക്കാനുള്ള അരിയും തേങ്ങയും ശേഖരിച്ചു നൽകിയത്. പഞ്ചായത്തിലെ 10, 11 വാർഡുകൾ ഉൾപ്പെടുന്ന ബങ്കളം, കക്കാട്ട് പ്രദേശങ്ങളിലെ എണ്ണൂറോളം വീടുകളിൽ വെള്ളിയാഴ്ച പ്രഭാതഭക്ഷണം ഇഡ്ഡലിയാണ്. മത്സരാർഥികൾക്ക് രാവിലെ നൽകാനാണ് മുഴുവൻ വീടുകളിലും ഇഡ്ഡലിയാക്കിയത്. നിലേശ്വരം റെയിൽവെ സ്റ്റേഷനിലിറങ്ങിയ വിവിധ ജില്ലകളിലെ കുട്ടികളെയും കൂടെയുള്ളവരെയും റോസാപ്പൂ നൽകി സ്വീകരിച്ച് പ്രത്യേക ബസിലാണ് കലോത്സവ നഗരിയിലെത്തിച്ചത്. ആൺകുട്ടികൾക്ക് ഐടിഐകളിലും കക്കാട്ട് സ്കൂളിലുമാണ് താമസമൊരുക്കിയത്.








0 comments