‘മിനോൾട്ട’യും രത്നാകരനും ഉദുമയുടെ ദൃശ്യചരിത്രം

ഇ എം എസ് ഉദുമയിൽ പ്രസംഗിക്കുന്നതിന്റെ രത്നാകരൻ പകർത്തിയ ചിത്രം

സ്വന്തം ലേഖകൻ
Published on Jun 26, 2026, 02:42 AM | 1 min read
ഉദുമ
കാമറകൾ ഒരു മാധ്യമമോ ഫോട്ടോകൾ തനി പകർപ്പുകളോ അല്ല. അതു കാലത്തെയും വികാരത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്നുണ്ട്. അങ്ങനെ ഒരു കാലത്തിന്റെയും നാടിന്റെയും ദൃശ്യചരിത്രം ഒപ്പിയെടുത്ത ഒരു സ്റ്റുഡിയോയും ഫോട്ടോഗ്രാഫറും ഉദുമയിലുണ്ട്. മിനോൾട്ട സ്റ്റുഡിയോയും ഉടമ കെ വി രത്നാകരനും. ക്യാമറകൾക്ക് ഇന്നത്തെ ആധുനിക തിളക്കമില്ലാതിരുന്ന കാലത്ത് ഫിലിം റോളുകളിൽ ജീവിതം പകർത്തിയ അപൂർവം ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് കെ വി രത്നാകരൻ. നീലേശ്വരം ബങ്കളം സ്വദേശിയായ അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഫോട്ടോഗ്രാഫി പഠിച്ച്, 1974-ലാണ് ഉദുമയിൽ ‘മിനോൾട്ട സ്റ്റുഡിയോ’ ആരംഭിക്കുന്നത്. 2010 വരെ ഫീൽഡ് ക്യാമറകളും പിന്നീട് യാഷിക്ക ക്യാമറയും ഉപയോഗിച്ചായിരുന്നു പ്രവർത്തനം. ഡാർക്ക് റൂമിലെ കഠിനാധ്വാനത്തിലൂടെയായിരുന്നു അന്നു ചിത്രങ്ങൾ വികസിപ്പിച്ചെടുത്തിരുന്നത്. വിവാഹങ്ങൾ, ഉത്സവങ്ങൾ, രാഷ്ട്രീയപാർടികളുടെ സമ്മേളനങ്ങൾ എന്നിവയ്‌ക്കൊപ്പം ഉദുമയുടെ വികസന വഴികളും ചരിത്ര നിമിഷങ്ങളും രത്നാകരൻ ലെൻസിലൂടെ ഭദ്രമാക്കി. മുൻ മുഖ്യമന്ത്രിമാരായ ഇ എം എസ്, ഇ കെ നായനാർ, സി എച്ച് മുഹമ്മദ് കോയ, ജോസഫ് മുണ്ടശ്ശേരി എന്നിവർ ഉദുമയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളും, എ കെ ജി പങ്കെടുത്ത രാവണേശ്വരത്തെ നെല്ലെടുപ്പ് സമരവും അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കാലം മാറി ഡിജിറ്റൽ യുഗവും സ്മാർട്ട്ഫോണുകളും വന്നിട്ടും പാരമ്പര്യത്തിന്റെ നന്മ കൈവിടാതെ, പ്രായം വകവയ്‌ക്കാതെ ഇന്നും ഫോട്ടോഗ്രാഫിയിൽ സജീവമാണ് രത്നാകരൻ. പഴയകാലത്തെ അപൂർവം ചില ഫോട്ടോകൾ മാത്രം ഫയലിലുണ്ടെങ്കിലും ബാക്കിയെല്ലാം കാലപഴക്കത്തിൽ തേഞ്ഞുമാഞ്ഞുപോയി. കെട്ടുകണക്കിന് പഴയ ഫിലിം റോളുകളും സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഇവ ഫോട്ടോയാക്കിയെടുക്കാൻ സൗകര്യമില്ല. ഉദുമയിലെ പല തലമുറകളുടെ ഓർമച്ചെപ്പാണ് രത്നാകരന്റെ മിനോൾട്ടസ്റ്റുഡിയോ.








0 comments