ad
Deshabhimani

ജില്ലയിൽ 15 ബസ്സുകൾ ജി ഫോം നൽകി സർവീസ്‌ നിർത്താൻ സ്വകാര്യ ബസ്സുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 26, 2026, 02:41 AM | 1 min read

കാസർകോട്‌

കെഎസ്‌ആർടിസി ബസ്സിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യ യാത്ര ആരംഭിച്ചതുമായ ബന്ധപ്പെട്ട പ്രതിസന്ധിക്ക്‌ സംസ്ഥാന സർക്കാർ പരിഹാരം കാണാത്തതിനെ തുടർന്ന്‌ സ്വകാര്യ ബസ്സുകൾ സർവീസ്‌ നിർത്തിത്തുടങ്ങി. ജില്ലയിൽ പതിനഞ്ചോളം ബസ്സുകൾ ഇതിനകം ആർഡിഒയിൽ ജി ഫോം നൽകി. മോട്ടോർ വാഹന നിയമപ്രകാരം റോഡ്‌ നികുതി ഒഴിവാക്കിക്കിട്ടുന്നതിനാണ്‌ ബസ്സുകൾ സർവീസ്‌ നിശ്‌ചിതകാലത്തേക്ക്‌ നിർത്തിവച്ചതായി കാണിച്ച്‌ ജി ഫോം നൽകുന്നത്‌. ബസ്‌ ഓടാതിരുന്നാൽ ആ കാലയളിവലേക്കുള്ള നികുതി അടക്കേണ്ടതില്ല. ബസ്സുകൾ അടച്ച ത്രൈമാസ നികുതിയുടെ കാലാവധി 30ന്‌ അവസാനിക്കുന്നതോടെ കൂടുതൽ ബസ്സുകൾ സർവീസ്‌ നിർത്തുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ കെ ഗിരീഷ്‌ പറഞ്ഞു. ജില്ലയിൽ 480 സ്വകാര്യ ബസ്സുകളുണ്ട്‌. കാഞ്ഞങ്ങാട്‌–കാസർകോട്‌, തലപ്പാടി–കാസർകോട്‌, കണ്ണൂർ–കാസർകോട്‌ റൂട്ടിലോടുന്ന പല ബസ്സുകളും ഇതിനകം ജിഫോം നൽകിത്തുടങ്ങി. 24000 രൂപയോളമാണ്‌ ബസ്സുകൾ അടക്കേണ്ട ത്രൈമാസ റോഡ്‌ നികുതി. ഇത്‌ മുൻകൂറായി അടക്കണം. ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിനെ തുടർന്ന്‌ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ്സുകൾ കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്രകൂടി ആരംഭിച്ചതോടെ കൂടുതൽ പ്രയാസത്തിലായി ഉടമകൾ പറയുന്നു. ഡീസൽ വിലയിലുണ്ടായ വർധനയെ തുടർന്നും വലിയ വരുമാന നഷ്ടമുള്ളതായി അവർ പറഞ്ഞു. ചില ബസ്സുകൾ ട്രിപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ച്‌ ചർച്ച നടത്തിയിരുന്നു. എന്നാൽ സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കാനാവശ്യമായ അനുകൂല നിലപാട്‌ ഉണ്ടായിട്ടില്ല. റോഡ്‌ നികുതി പൂർണമായും ഒഴിവാക്കണമെന്നും ഡീസലിന്‌ സബ്‌സിഡി അനുവദിക്കമെന്നുമാണ്‌ ബസ്സുടമകളുടെ ആവശ്യം. സംസ്ഥാന ബജറ്റിൽ റോഡ്‌ നികുതി 50 ശതമാനം കുറച്ചത്‌ പ്രശ്‌ന പരിഹാരമാവില്ലെന്ന്‌ ബസ്സുടമകൾ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതിന്‌ എതിരല്ലെന്നും സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കാനുള്ള നടപടിയാണ്‌ ഉണ്ടാവേണ്ടതെന്നും ബസ്സുടമകൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home