വാക്കുതർക്കം; ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്

പ്രതീകാത്മക ചിത്രം
ഫരീദാബാദ്: വാക്കു തർക്കത്തെ തുടർന്ന് ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ ഭർത്താവ് മുക്കിക്കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് ദാരുണ സംഭവം. നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. ആറു മാസം ഗർഭിണിയായിരുന്നു നേഹ. സംഭവത്തിൽ ഭർത്താവ് അമിത് ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബിഹാറിലെ മുസാഫർപുർ സ്വദേശിയായ നേഹയും ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയായ അമിതും ഒരു വർഷം മുൻപാണ് വിവാഹിതരായത്.
അടുത്തിടെ ഇവർ പഞ്ച്ശീലിലേക്ക് താമസം മാറിയിരുന്നു. വ്യാഴാഴ്ച രാവിലെ നേഹയും അമിതും തമ്മിൽ വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ അമിത് നേഹയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് അമിത് തന്റെ അമ്മാവനെ വിളിച്ചറിയിച്ചു. ഇയാളാണ് കുറ്റകൃത്യം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും നേഹ മരണപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അമിതിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു.









0 comments