ത്രിപുരയിൽ അപ്പാർട്ട്മെന്റിൽ സ്ഫോടനം: നിരവധി പേർക്ക് പരിക്ക്

അഗർത്തല: ത്രിപുര തലസ്ഥാനമായ അഗർത്തലയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സങ്കത് ചൗമുഹാനിക്ക് സമീപമുള്ള എൻഎസ് അപ്പാർട്ട്‌മെന്റിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സ്ഫോടനമുണ്ടായത്. അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ ഫ്ലാറ്റിലാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ജനലുകളും ചുവരുകളും തകർന്നു. ഫ്ലാറ്റിനകത്തും പുറത്തും വ്യാപക നാശനഷ്ടമുണ്ടായി. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനം പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് പൊലീസ്, ഫയർഫോഴ്‌സ്, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിക്കേറ്റവരിൽ കണ്ണിൽ ചില്ല് തറച്ച് ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെയും മറ്റൊരു യുവാവിനെയും ജിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക സംശയം. എന്നാൽ സ്ഫോടനത്തിന്റെ യഥാർഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയതായി എസ്ഡിപിഒ ദേബ പ്രസാദ് റോയ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.









0 comments