കാറും സ്വർണവും തട്ടിയെടുത്ത കേസ്
പ്രതികൾ സഞ്ചരിച്ച ഒരു വാഹനംകൂടി കണ്ടെത്തി

പയ്യന്നൂർ
ദേശീയപാതയിൽ എടാട്ട് സർവീസ് റോഡിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാറും 55 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ പ്രതികൾ സഞ്ചരിച്ച ഒരു വാഹനംകൂടി അന്വേഷക സംഘം കണ്ടെത്തി. ചിറ്റാരിപ്പറമ്പിൽവച്ചാണ് കൂത്തുപറമ്പ് മാനന്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്ക് വാഹനം വാടകയ്ക്ക് നൽകിയതാണെന്നാണ് സൂചന. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തലശേരി ചിറക്കരയിൽ താമസിക്കുന്ന സ്വർണവ്യാപാരി മഹാരാഷ്ട്ര സാംഗ്ലിയിലെ കുമാർ ജലന്തർ നിഗവും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ എടാട്ട് സർവീസ് റോഡിൽ ഒന്നിലേറെ വാഹനങ്ങളിലെത്തിയ സംഘം പിന്തുടർന്നായിരുന്നു കവർച്ച. കുമാർ ജലിന്തർ നിഗം പെരിന്തൽമണ്ണയിൽ എഎസ്‌കെ ഗോൾഡ് വർക്ക്‌സ് ഉടമയാണ്. ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അശോക് യശ്വന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് തട്ടിയെടുത്ത കാർ. പിലാത്തറ കോ– ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ച് കാർ അടിച്ചുതകർക്കുകയായിരുന്നു. കാറിൽ രഹസ്യ അറകളുണ്ടോ എന്ന് പരിശോധിക്കാനാണ് പൂർണമായും തകർത്തതെന്നാണ് കരുതുന്നത്. പരിയാരം മെഡിക്കൽ കോളേജ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് പയ്യന്നൂർ പൊലീസിന് കൈമാറി. സംഭവത്തിൽ കണ്ണൂർ കല്യാശേരി പാറക്കടവ് അങ്കണവാടിക്ക് സമീപം പി സനു സന്തോഷി(42), മാലൂർ കുണ്ടേരി പൊയിലിലെ വി അശ്വന്ത് (25) എന്നിവരെ കണ്ണൂർ റൂറൽ എസ്‌പിയുടെ പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച ഒരു ഇന്നോവ, ഐ 20 കാറുകൾ മുമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികൾക്കായുള്ള തിരച്ചിൽ അന്വേഷക സംഘം ഊർജിതമാക്കി.











0 comments