ad
Deshabhimani

കെ ടെറ്റ്‌ വെരിഫിക്കേഷൻ
പെടാപ്പാടുതന്നെ

കണ്ണൂർ ജിവിഎച്ച്എസ്എസിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ടോക്കൺ പ്രകാരം ഫോം വാങ്ങാൻ നിൽക്കുന്ന 
അധ്യാപകരുടെ തിരക്ക്

കണ്ണൂർ ജിവിഎച്ച്എസ്എസിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ടോക്കൺ പ്രകാരം ഫോം വാങ്ങാൻ നിൽക്കുന്ന 
അധ്യാപകരുടെ തിരക്ക്

വെബ് ഡെസ്ക്

Published on Jul 08, 2026, 02:41 AM | 2 min read

കണ്ണൂർ

നിരവധി പരാതികളുയർന്നിട്ടും വീണ്ടും അപേക്ഷകരെ വലച്ച്‌ കെ ടെറ്റിന്റെ സർട്ടിഫിക്കറ്റ്‌ വെരിഫിക്കേഷൻ നടപടി. മുന്നൊരുക്കം നടത്താതെ സർവീസിലുള്ള അധ്യാപകരെ ഉൾപ്പെടെ വിളിച്ചുവരുത്തി ഒരുമിച്ച്‌ സർട്ടിഫിക്കറ്റ്‌ പരിശോധിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ്‌ ഉദ്യോഗാർഥികൾക്ക്‌ തീരാദുരിതമായത്‌. സ്‌കൂൾ അധ്യാപകരെയും ഒറ്റയടിക്ക്‌ വിളിച്ചതോടെ സ്‌കൂളുകളുടെ പ്രവർത്തനവും മുടങ്ങി. മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി നിരവധി സ്‌കൂൾ അധ്യാപകരും ഇക്കുറി കെടെറ്റ്‌ പരീക്ഷയെഴുതിയിരുന്നു. കെടെറ്റ് യോഗ്യത നേടിയ അധ്യാപകരെ എല്ലാവരെയും ഒറ്റയടിക്ക് വിളിപ്പിക്കുകയായിരുന്നു. ഇതോടെ സ്‌കൂൾ അധ്യയനത്തെയും ഇത്‌ ബാധിച്ചു. മയ്യിൽ ഐഎംഎൻഎസ്‌ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ മുപ്പതിലേറെ അധ്യാപകരാണ്‌ ചൊവ്വാഴ്‌ച പരിശോധനയ്‌ക്കായി കണ്ണൂർ വിദ്യാഭ്യാസ വകുപ്പ്‌ ഓഫീസിൽ ഹാജരായത്‌. കുറച്ച്‌ അധ്യാപകർ സെൻസസ്‌ ഡ്യൂട്ടിക്കായും പോയി. ഇതോടെ ചുരുക്കം ചില അധ്യാപകരാണ്‌ സ്‌കൂളിലുണ്ടായത്‌. ട്രെയിനിങ്‌ അധ്യാപകരുണ്ടായതിനാലാണ്‌ ക്ലാസ്‌ പ്രവർത്തനം താളംതെറ്റാതെപിടിച്ചു നിൽക്കാനായത്‌. പല സ്‌കൂളുകളിലും സമാനമായ അവസ്ഥയായിരുന്നു. ടോക്കൺ നൽകിയാണ്‌ പരിശോധന പ്രഖാപിച്ചതെങ്കിലും അതിനൊന്നും തിരക്ക്‌ നിയന്ത്രിക്കാൻ സാധിച്ചില്ല. ടോക്കണില്ലാതെ വെരിഫിക്കേഷന്‌ ഹാജരാകുന്നതും തിരക്കിന്‌ കാരണമായി. വെരിഫിക്കേഷനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത്‌ സംബന്ധിച്ച അവ്യക്തതയും സമയക്രമം താളംതെറ്റിച്ചു. റോൾ നന്പർ അടിസ്ഥാനത്തിൽ വെരിഫിക്കേഷൻ ക്രമപ്പെടുത്തിയാൽ ഇ‍ൗ പ്രശ്‌നങ്ങൾ തീർക്കാമെന്നിരിക്കെ അതിന്‌ തയ്യാറാകാത്തതാണ്‌ പ്രശ്‌നമെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു. ജില്ലയിൽ കണ്ണൂർ, തളിപ്പറന്പ്‌, തലശേരി വിദ്യാഭ്യാസ ജില്ലകളിലായി വെള്ളിയാഴ്‌ചവരെ രാവിലെ 10 മുതൽ നാലുവരെയാണ്‌ കെ ടെറ്റ്‌ പ്രമാണ പരിശോധന.


പ്രതിഷേധം ഉയരും

സർക്കാർ സർവീസിലുള്ള അധ്യാപകരുടെ സർട്ടിഫിക്കറ്റ്‌ പരിശോധനതന്നെ അനാവശ്യമാണ്‌. അധ്യാപകരായി സ്‌കൂളിൽ നിയമിതരാകുന്പോൾ അവരുടെ യോഗ്യത ഉൾപ്പടെ മുഴുവൻ സർട്ടിഫിക്കറ്റുകളും അധികൃതർതന്നെ പരിശോധിക്കുന്നുണ്ട്‌. പൊലീസ്‌ വെരിഫിക്കേഷനും പൂർത്തിയാക്കുന്നുണ്ട്‌. കൂടാതെ സർട്ടിഫിക്കറ്റുകൾ സ്‌കൂൾ മേലധികാരികളും പരിശോധിച്ച്‌ ഉറപ്പിക്കും. കെടെറ്റിന്റെ സർട്ടിഫിക്കറ്റ്‌പോലും പ്രധാനാധ്യാപകർക്ക്‌ പരിശോധിച്ച്‌ നൽകാമെന്നിരിക്കെ അധ്യാപകരെ മുഴുവൻസർട്ടിഫിക്കറ്റുകളുമായി ഡിഇഒ ഓഫീസിലേക്ക്‌ വിളിപ്പിക്കുന്നത്‌ അനാവശ്യമാണ്‌. സെൻസസ്‌ ചുമതലയും അധ്യാപക പരിശീലനവും നടക്കുന്നതിനൊപ്പം ഇതിന്റെ പേരിൽ ക‍ൂടി അധ്യാപകരെ ബുദ്ധിമുട്ടിപ്പിക്കുന്നത്‌ മാത്രമല്ല, സ്‌കൂൾ അധ്യയനത്തെയും തകിടം മറിക്കും. സാഹചര്യം മനസ്സിലാക്കാതെ സെൻസസ്‌ ചുമതലക്കിടെയുള്ള അധ്യാപക പരിശീലനം പോലും മാറ്റിവെയ്‌ക്കാൻ തയ്യാറാകാത്ത വകുപ്പിന്റെ തീരുമാനത്തിനെതിരെ മുഴുവൻ അധ്യാപകർക്കടിയിലും പ്രതിഷേധം ഉയരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home