print edition ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി: ജനവിരുദ്ധ ഭേദഗതിനീക്കത്തിൽനിന്ന് പിന്മാറണം- സിപിഐ എം


സ്വന്തം ലേഖകൻ
Published on Jul 08, 2026, 02:36 AM | 1 min read
ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിൽ ഭേദഗതിവരുത്തി അന്ത്യോദയ അന്ന യോജന പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. കുടുംബത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംവിധാനത്തിൽനിന്ന് വ്യക്തിഗത സംവിധാനത്തിലേക്ക് പദ്ധതിയെ മാറ്റുന്നത് സാധാരണക്കാരെ വലയ്ക്കും.
ഒരാൾക്ക് ഏഴ് കിലോ വീതം ഭക്ഷ്യധാന്യം നൽകണമെന്നാണ് പുതിയ നിർദേശം. എന്നാൽ എത്ര അംഗങ്ങളുണ്ടെങ്കിലും കുടുംബത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ പരമാവധി അളവ് പ്രതിമാസം 35 കിലോയായി തുടരും. ഇത് വലിയ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുണ്ടാക്കും. നിലവിൽ 35 കിലോ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന ചെറിയ കുടുംബങ്ങൾക്ക് അവകാശപ്പെട്ട വിഹിതം ഗണ്യമായി കുറയും.
എഎവൈ പദ്ധതിയെ ആശ്രയിക്കുന്ന ദരിദ്രരും ദുർബലരുമായ ജനവിഭാഗങ്ങളെ ഭേദഗതി പ്രതികൂലമായി ബാധിക്കും. വൃദ്ധദന്പതികൾ, വിധവകൾ, ഭിന്നശേഷിയുള്ളവർ, ആദിവാസി കുടുംബങ്ങൾ, ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾ, ദിവസവേതനക്കാർ, ഗുരുതര രോഗബാധിതർ തുടങ്ങിയവരുടെ ദൈനംദിന ജീവിതം കൂടുതൽ ദുരിതത്തിലാകും. കുടുംബാസൂത്രണ പദ്ധതികൾ വിജയകരമായി നടപ്പാക്കി അംഗസംഖ്യ കുറഞ്ഞ ചെറിയ കുടുംബങ്ങൾ അധികമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഭേദഗതി തിരിച്ചടിയാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ആത്മാർഥമായി പ്രയത്നിച്ചതിന്റെ പേരിൽ ഇൗ സംസ്ഥാനങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം കാര്യമായി വെട്ടിക്കുറയ്‌ക്കപ്പെടുന്ന അവസ്ഥയുണ്ടാകും.
കാലാഹരണപ്പെട്ട 2011 സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. ഇതുകാരണം, പദ്ധതിയിലുൾപ്പെടാൻ അർഹതയുള്ള ലക്ഷകണക്കിനുപേർ ഇപ്പോഴും പുറത്താണ്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ പട്ടിക പുതുക്കണമെന്ന ആവശ്യം ദീർഘകാലമായി നിലവിലുണ്ട്. ഇൗ ആവശ്യം പരിഗണിക്കാതെ ഭക്ഷ്യാവകാശങ്ങൾ തട്ടിപ്പറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമത്തിൽ അടിക്കടി വെള്ളംചേർത്ത് ദുർബലപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് മോദി സർക്കാർ പിൻമാറണം. ദീർഘകാല ജനകീയപോരാട്ടങ്ങൾക്ക് ഒടുവിലാണ് ഭക്ഷണം നിയമപരമായി അവകാശമാക്കിയ ചരിത്രപരമായ ഇൗ നിയമമുണ്ടായതെന്ന കാര്യം വിസ്‌മരിക്കരുത് – പി ബി ആവശ്യപ്പെട്ടു.











0 comments