ad
Deshabhimani

നീലേശ്വരത്ത് ആകാശപാതയില്ല

കോട്ടപ്പുറം ജങ്ഷനിൽ 15മീറ്റർ വീതിയിൽ അടിപ്പാത

നീലേശ്വരം നഗരസഭ കർമസമിതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് നിവേദനം നൽകുന്നു

നീലേശ്വരം നഗരസഭ കർമസമിതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് നിവേദനം നൽകുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 08, 2026, 02:39 AM | 2 min read


നീലേശ്വരം

പഴയ പാലം പൊളിച്ചുമാറ്റി പുതിയപാലം നിർമിക്കുമെന്നും കോട്ടപ്പുറം ജങ്ഷനിൽ 15 മീറ്റർ വീതിയിൽ അടിപ്പാതയും കരുവാച്ചേരിയിൽ മേൽനടപ്പാലം സ്ഥാപിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയും നീലേശ്വരം നഗരസഭ ജനകീയ കർമസമിതി നിവേദക സംഘവും നടത്തിയ ചർച്ചയിൽ തീരുമാനമായി. പുതിയതായി നിർമിക്കുന്ന പാലത്തിൽനിന്നും രാജാ റോഡിലക്ക് എക്സിറ്റും, കോട്ടപ്പുറം റോഡിൽനിന്നും ദേശീയ പാതയിലേക്ക് എൻട്രിയും സ്ഥാപിക്കും. രാജാ റോഡിലേക്കുള്ള അടിപ്പാത 15 മീറ്ററായി വർധിപ്പിക്കുമെന്നും ഇത് പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പുതുതായി നിർമിക്കുന്ന കച്ചേരിക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിലേക്ക് എക്സിറ്റും എൻട്രിയും നൽകും. നീലേശ്വരത്ത് പില്ലർ ബേസ്ഡ് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യത്തിൽ ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മന്ത്രി സാധ്യതകൾ ആരാഞ്ഞു. നീലേശ്വരത്ത് പില്ലർ ബേസ്‌ഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ സാങ്കേതിക തടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. പഴയ പാലം പൊളിച്ച് പണിയുമ്പോൾ ഇപ്പോൾ നിർമിച്ച പാലത്തിന്റെ ഉയരത്തിൽ മാത്രമേ നിർമിക്കാൻ കഴിയൂ. ഇത് പില്ലർ ബേസ്ഡ് ആക്കി മാറ്റുമ്പോൾ ഒന്നര മീറ്റർ കനത്തിൽ ബീമുകൾ നിർമിക്കേണ്ടി വരുമ്പോൾ മേൽപാലത്തിന് രണ്ടര മീറ്റർ മാത്രമേ ഉയരം ലഭിക്കുകയുള്ളൂവെന്നും വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ കുഴിയെടുത്ത് റോഡ് നിർമിക്കാൻ സാങ്കേതികമായി സാധ്യമല്ലെന്നും മന്ത്രിയും കർമ്മസമിതി ഭാരവാഹികളും തമ്മിലുള്ള ചർച്ചയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. അതുകൊണ്ടുതന്നെ പില്ലർ ബേസ്ഡ് ഓവർ ബ്രിഡ്ജ് എന്ന ആവശ്യം സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മുൻ എംപി പി കരുണാകരൻ, നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, കർമസമിതി രക്ഷാധികാരി മാമുനി വിജയൻ, വൈസ് ചെയർമാൻമാരായ അഡ്വ. കെ പി നസീർ, സാഗർ ചാത്തമത്ത്, സേതുബങ്കളം, എം ജയറാം എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്. സമരസമിതിയും മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ സാഹചര്യത്തിൽ അടിയന്തരയോഗംചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് സമരസമിതി ചെയർമാൻ പിപി മുഹമ്മദ് റാഫിയും കൺവീനർ ഇ ഷജീറും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home