ad
Deshabhimani

സമൃദ്ധിയുടെ വരവറിയിച്ച്​ 
മാരിത്തെയ്യങ്ങൾ

 മാടായിക്കാവിൽ കെട്ടിയാടിയ മാരിത്തെയ്യങ്ങൾ
വെബ് ഡെസ്ക്

Published on Aug 02, 2025, 03:00 AM | 1 min read

പഴയങ്ങാടി

മഴ മാറിനിന്ന കർക്കടക മാസത്തിലെ പതിനാറാം നാളിൽ ചേങ്ങില-തുടി താളത്തിലുയർന്ന പാട്ടിനൊത്ത്​ ചുവടുവച്ച്​ മാടായിക്കാവിൽ മാരിത്തെയ്യങ്ങളിറങ്ങി. മാരി കലിയൻ, മാമായ കലിയൻ, മാരി കലിച്ചി, മാമായ കലിച്ചി, മാരിഗുളികൻ, മാമായ ഗുളികൻ എന്നിങ്ങനെ ആറു തെയ്യങ്ങളാണ്​ കെട്ടിയാടിയത്. ആധിയും വ്യാധിയുമകറ്റി സമൃദ്ധിക്ക്​ വഴിയൊരുക്കാൻ മാരിത്തെയ്യങ്ങൾ കെട്ടിയാടുന്നുവെന്നാണ്​ ഐതിഹ്യം. വിശേഷ പൂജകൾക്കുശേഷം വെള്ളി ഉച്ചയോടെ അരിയും തിരിയും എത്തിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അവകാശികളായ തെക്കൻ പൊള്ള മുട്ടുകണ്ടിയിലെ ഗോപാലന്റെ കാർമികത്വത്തിലാണ്​ മാടായിക്കാവിൽ മാരിത്തെയ്യം കെട്ടിയാടിയത്​. തെയ്യം കലാകാരനും ചിമ്മാനക്കളി ആചാര്യനുമായ പരേതനായ കൊയിലേര്യൻ കുമാരന്റെ ശിഷ്യൻ ചെറുകുന്നിലെ സി എച്ച് ബാബുവും സംഘവുമാണ്​ തെയ്യക്കോലം കെട്ടിയത്​. വൈകിട്ട്​പഴയങ്ങാടിപ്പുഴയിലിറങ്ങിയതോടെ തെയ്യങ്ങൾക്ക്​ സമാപനമായി. മൊട്ടാമ്പ്രം, വെങ്ങര എന്നിവിടങ്ങളിൽ സമുദായ സംഘങ്ങളുടെ നേതൃത്വത്തിലും തെയ്യങ്ങൾ കെട്ടിയാടി. മാരിത്തെയ്യം കാണാൻ നിരവധിപ്പേരാണ് വെള്ളിയാഴ്ച രാവിലെ മുതൽ മാടായിക്കാവിലെത്തിയത്. പായസവിതരണവും അന്നദാനവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home