അബ്ദുൾഖാദർ വധം വിചാരണ നാളെ തുടങ്ങും


സ്വന്തം ലേഖകൻ
Published on Apr 27, 2026, 02:25 AM | 1 min read
തളിപ്പറന്പ്
ബക്കളം പൂതപ്പാറക്കുന്നില്‍ കുറ്റിപ്പുറം പീടികയ്ക്കുസമീപത്തെ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുള്‍ഖാദറി (38) നെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ ചൊവ്വാഴ്‌ചതുടങ്ങും. തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതിയിൽ ജഡ്‌ജ് കെ എൻ പ്രശാന്ത് മുന്പാകെയാണ് കേസ് ആരംഭിക്കുന്നത്. വായാട് സ്വദേശികളായ അബ്ദുൾഖാദറിന്റെ ഭാര്യ ഷെരീഫ, നൗഷാദ്, ശിഹാബുദ്ദീൻ, മുഹാസ്, സിറാജ്, അബ്ദുള്ളക്കുട്ടി, റാഷിദ്, അബ്ദുൾലത്തീഫ്, നവാസ്, മനാഫ് എന്നിവരാണ് പ്രതികൾ. 2017 ജനുവരി ഒന്നിനാണ് അബ്ദുൾഖാദറിനെ മൃഗീയമായി കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ടോടെ വായാടുനിന്നെത്തിയ സംഘം ബക്കളത്തെ വീടുവളഞ്ഞ് ഖാദറെ പിടിച്ചിറക്കി കൊണ്ടുപോയി സമീപത്തെ വിജനമായ വയല്‍ക്കരയിലിട്ട് തല്ലിച്ചതച്ച് മൃതപ്രായനാക്കി. തുടർന്ന് വാഹനത്തിലിട്ട് കൊണ്ടുപോയി വായാട്ട് എത്തുംവരെയും മർദിച്ചശേഷം ചോരവാർന്നൊലിച്ച നിലയിൽ റോഡരികില്‍ ഉപേക്ഷിച്ചു. പരിയാരം തിരുവട്ടൂര്‍ വായാട് ഗ്രൗണ്ടിന് സമീപം റോഡരികിലാണ് മാരക മുറിവുകളോടെ അബ്ദുൾഖാദറിന്റെ മൃതദേഹംകണ്ടത്. ബനിയനും തോര്‍ത്തും അടിവസ്ത്രവുമായിരുന്നു വേഷം. ശരീരംമുഴുവന്‍ മുറിവുകളും ചതവുകളുമായിരുന്നു. കൈകൾ അടിച്ചുപൊട്ടിച്ച് ഇരുകാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മണിക്കൂറുകളോളം റോഡരികില്‍കിടന്ന് രക്തംവാര്‍ന്നായിരുന്നു ദാരുണാന്ത്യം. പ്രമാദമായ കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ചപ്പോൾ ഉമ്മ ആയിഷ നടത്തിയ പോരാട്ടമാണ് കേസ് കോടതിയിലെത്തിച്ചത്. ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്ന് കേസിൽ ഭാര്യയെ ഉൾപ്പെടെ കൂട്ടിച്ചേർത്തു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിചാരണ നടക്കും. പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. യു രമേശൻ ഹാജരാകും.










0 comments