ad
Deshabhimani

കുരുന്നുഭാവനകളിൽ പൂത്തു മധുരമാന്പഴം

‘Mango’

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ "മാമ്പഴം' കവിതയെ ആസ്പദമാക്കി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ 'കതിർമ' ചിത്രരചനാമത്സരം

വെബ് ഡെസ്ക്

Published on Aug 09, 2026, 02:44 AM | 1 min read

കൊച്ചി


അങ്കണത്തെെമാവിൽനിന്ന്‌ മലയാളകാവ്യലോകത്ത്‌ പൊഴിഞ്ഞ ചൂടുകണ്ണീരിൽ നിറങ്ങൾ ചാലിച്ച്‌ ഭാവനാചിത്രങ്ങളെഴുതി കുട്ടി ചിത്രകാരന്മാരും ചിത്രകാരികളും. വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്‌തമായ ‘മാന്പഴം’ എന്ന കവിതയുടെ വികാരതീവ്രതയും ആസ്വാദനമാധുര്യവും ധ്വനിപ്പിക്കുന്നതായി കുരുന്നുഭാവനയിൽ വിരിഞ്ഞ ചിത്രങ്ങളോരോന്നും. ‘മാന്പഴം’, ഇടപ്പള്ളി രാഘവൻപിള്ളയുടെ ‘മണിനാദം’, ചങ്ങന്പുഴ കൃഷ്‌ണപിള്ളയുടെ ‘രമണൻ’ എന്നീ കാവ്യങ്ങളുടെ നവതിവർഷത്തോടനുബന്ധിച്ച്‌ ജില്ലാ ലൈബ്രറി ക‍ൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായായിരുന്നു "കതിർമ' ജലച്ചായ ചിത്രരചനാ മത്സരം.


എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി അറുനൂറോളം വിദ്യാർഥികൾ ചിത്രമെഴുതി. "മാന്പഴം' കവിത ആലപിച്ച്‌ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി ക‍ൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്‌ പ്രണത അധ്യക്ഷനായി. കാലടി സംസ്‌കൃത സർവകലാശാല ചുവർചിത്രകല വിഭാഗം മേധാവി സാജു തുരുത്തിൽ, ചിത്രകാരന്മാരായ ഹുസൈൻ കോതാറത്ത്‌, ഹസൻ കോതാറത്ത്‌ എന്നിവർ കവിതയെ ആസ്പദമാക്കി ചിത്രംവരച്ചു.


ജില്ലാ ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി പി ജി സജീവ്‌, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജയകുമാർ ചെങ്ങമനാട്, എ എൻ സന്തോഷ്, ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് നാരായണൻ, ടി വി പീറ്റർ, ഡി ആർ രാജേഷ് എന്നിവർ സംസാരിച്ചു. മത്സരവിജയികളെ പിന്നീട്‌ പ്രഖ്യാപിക്കും.


സെപ്തംബർ 17, 18, 19 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ്‌ ദേശീയ കാവ്യോത്സവം സംഘടിപ്പിക്കുന്നത്‌. മണിനാദം, രമണന്‍, മാമ്പഴം കവിതകളുടെ പഠനവും പുനര്‍വായനയും പുതുതലമുറയ്ക്ക് കൈമാറലുമാണ് കാവ്യോത്സവത്തിന്റെ ലക്ഷ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home