ad
Deshabhimani

ഫിദലിന്റെ നൂറ്റാണ്ട്

Fidel Castro
avatar
ഡോ. നിതീഷ് നാരായണൻ

Published on Aug 09, 2026, 02:48 AM | 4 min read

ഫിദൽ കാസ്‌ട്രോയെക്കുറിച്ച് എഴുതാനിരുന്നപ്പോൾ കണ്ണൂരിലെ ചാലാടൻ ജനാർദനനെ ഓർമവന്നു. അവർ തമ്മിൽ എന്തു ബന്ധമെന്നല്ലേ? ഉണ്ട്. ചാലാടൻ ജനാർദനൻ എന്ന ബീഡിത്തൊഴിലാളിയെ മലയാളിക്ക് മറക്കാനാകില്ല. മഹാമാരിക്കാലത്ത് സമ്പാദ്യം മൊത്തമായും സഹജീവികൾക്കായി നൽകിയ തൊഴിലാളി. സമ്പാദിച്ചുകൂട്ടിയതിന്റെ ചെറിയ വിഹിതം നൽകി അത് പരസ്യം ചെയ്യുന്ന ‘ചാരിറ്റി'ഘോഷണമായിരുന്നില്ല ജനാർദനന്റേത്. തനിക്കുള്ളതെല്ലാം പങ്കുവയ്‌ക്കാൻ തയ്യാറായ മഹാമാതൃക. ഒരത്ഭുതപ്രവൃത്തിയുടെയും ഭാവവ്യത്യാസമില്ലാതെ അനായാസമായി അദ്ദേഹമത് ചെയ്തു. പിറ്റേന്നും പതിവുപോലെ ബീഡി തെറുക്കാനിരുന്നു, അവകാശവാദങ്ങളൊന്നുമില്ലാതെ നമുക്കിടയിൽ ജീവിച്ച് മരിച്ചു. ഇനി ഫിദലിന്‌ എന്തു കാര്യമെന്നല്ലേ. ചാലാടൻ ജനാർദനൻ മനുഷ്യസമുദായത്തോട് കാണിച്ച ആ കരുതൽ, ഒരു രാഷ്ട്രത്തിന്റെയാകെ സമീപനമാകുന്നത് ആലോചിക്കുക. ഒറ്റവാചകത്തിൽ അതാണ് ക്യൂബ. ആ രാജ്യത്തെ അങ്ങനെ പരുവപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച മനുഷ്യൻ പിറന്നിട്ട് ആഗസ്ത് 13ന്‌ ഒരു നൂറ്റാണ്ട്‌.


Fidel Castro

പുതിയ മനുഷ്യനെ നിർമിച്ചെടുക്കുകയാണ് വിപ്ലവത്തിന്റെ മുഖ്യചുമതലയെന്ന് ഫിദൽ ആഴത്തിൽ വിശ്വസിച്ചു. 1968ൽ കിഴക്കൻ ക്യൂബയിലെ മലനിരകളിലെ ദരിദ്രഗ്രാമങ്ങളിലേക്ക് ഫിദലിനൊപ്പം ജീപ്പിൽ യാത്രചെയ്ത അനുഭവത്തെക്കുറിച്ച് അമേരിക്കൻ പത്രപ്രവർത്തകനും ചലച്ചിത്രകാരനുമായ സൗൾ ലാൻഡൗ എഴുതിയിട്ടുണ്ട്. അവരുടെ സംഭാഷണത്തിനിടയിൽ ഫിദൽ ഊന്നിയത് വിപ്ലവത്തിന്റെ ഈ സവിശേഷതയിൽത്തന്നെയായിരുന്നു– “ജനങ്ങൾ എങ്ങനെ ലോകത്തെ കാണുന്നു എന്നതിലുള്ള അത്യന്തം പരമമായ മാറ്റംകൂടിയാണ് വിപ്ലവം.’’ അതായത്, പുതിയ ഒരു സാമൂഹിക -സാമ്പത്തികക്രമം കെട്ടിപ്പടുക്കുക എന്നതുപോലെതന്നെ പ്രധാനമാണ് പുതിയ കാഴ്ചപ്പാടുള്ള മനുഷ്യനെ രൂപപ്പെടുത്തുക എന്നതും. ഫിദൽ മനുഷ്യരിൽ ഊന്നി. ജീവിതം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ പങ്കാളിത്തമുള്ളവരാക്കി അവരെ ഉയർത്തുകമാത്രമല്ല, ആ ജീവിതത്തിന്റെ അർഥം നിർവചിക്കാനുള്ള പ്രാപ്തിയിലേക്ക് പരിശീലിപ്പിക്കുകകൂടി ചെയ്തു. ആ ജനത ലോകത്തെ വേദനിക്കുന്ന എല്ലാ മനുഷ്യരിലേക്കും തങ്ങളെ ചേർത്തുവയ്‌ക്കാൻ ശീലിച്ചു. അതിൽ ആനന്ദം കണ്ടെത്തി.


ഫിദൽ നയിച്ച ക്യൂബൻ വിപ്ലവത്തിന്റെ സത്ത അതാണ്. മനുഷ്യസമുദായത്തിന്റെയാകെ മോചനം. അംഗോളയിലേക്ക്, കേപ് വെർദെയിലേക്ക്, കോംഗോയിലേക്ക്, ഘാനയിലേക്ക്, സാംബിയയിലേക്ക്, അൽജീരിയയിലേക്ക് ഫിദലിന്റെ പോരാളികൾ കടന്നുചെന്നു. ജന്മനാടിന്റെ മോചനത്തിനായി പൊരുതിയ അതേ സമർപ്പണബോധത്തോടെ അന്നാടുകളിലെ സ്വാതന്ത്ര്യത്തിനായും പൊരുതി. ആഫ്രിക്കയിലെ 17 രാജ്യങ്ങളുടെ വിമോചനസമരങ്ങളിൽ ക്യൂബൻ വിപ്ലവകാരികൾ നേരിട്ട് പങ്കെടുത്തിരുന്നു.


വംശീയതയും അജ്ഞതയും അസമത്വവും നിറഞ്ഞ സമൂഹമായിരുന്നു വിപ്ലവത്തിനുമുന്പുള്ള ക്യൂബ. ആയുധബലത്താലോ സമ്പത്താലോ വിപ്ലവത്തിന്റെ ശത്രുക്കളെ മറികടക്കാനാകില്ലെന്ന് ഫിദലിന്‌ അറിയാമായിരുന്നു. സാർവദേശീയതയെ ഫിദൽ ക്യൂബയുടെ മതമാക്കിമാറ്റി. അങ്ങനെ ഒരു ദ്വീപുരാഷ്‌ട്രം ലോകം ചുറ്റുന്നൊരു സമരനൗകയായി. വിപ്ലവത്തെ തുടർന്ന് ക്യൂബ വിട്ടുപോയ ഉന്നതവർഗക്കാരിൽ പകുതിയോളം ഡോക്ടർമാരും ഉണ്ടായിരുന്നു. ഫിദൽ അവർക്ക് മറുപടി നൽകിയത്, ആഫ്രിക്കയിലുൾപ്പെടെ പിന്നാക്കപ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കാൻ സജ്ജരായ ആയിരക്കണക്കിന് ക്യൂബൻ ഡോക്ടർമാരെ സൃഷ്ടിച്ചുകൊണ്ടായിരുന്നു. ക്യൂബയിലെ ദരിദ്രരും നിരക്ഷരരുമായ ഗ്രാമീണമനുഷ്യരുടെ മക്കൾ ഡോക്ടർമാരായി മാറി. പ്രതിസന്ധിയുടെ ഏതു ഘട്ടത്തിലും ലോകത്തിന്റെ ഏത് കോണിലേക്കും നിസ്വാർഥമായി അവർ കടന്നുചെന്നു.

Fidel Castro

തൊണ്ണൂറുകളുടെ ഒടുവിൽ കരീബിയൻ രാജ്യങ്ങളിൽ ആഞ്ഞടിച്ച പ്രകൃതിക്ഷോഭം വിതച്ച ദുരന്തങ്ങളിൽ ക്യൂബൻ ആരോഗ്യപ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി. രോഗങ്ങൾ വീണ്ടും പടരുമെന്നും അത് നേരിടാൻ അന്നാടുകളിൽ ആരോഗ്യസംവിധാനങ്ങൾ ഒന്നുമില്ലെന്നുമുള്ള തിരിച്ചറിവിൽ ശാശ്വതമായൊരു പരിഹാരത്തെക്കുറിച്ച് ഫിദൽ ആലോചിച്ചു. അതാണ് ഹവാനയിൽ ലാറ്റിനമേരിക്കൻ സ്കൂൾ ഓഫ് മെഡിസിന്റെ പിറവിയിലേക്ക് നയിച്ചത്. രണ്ടരപ്പതിറ്റാണ്ടിനിടയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മുപ്പതിനായിരത്തിലേറെ വിദ്യാർഥികൾ ‘എലാം’ എന്നറിയപ്പെടുന്ന ക്യാമ്പസിൽനിന്ന്‌ സൗജന്യമായി പഠിച്ച് ഡോക്ടർമാരായി. പലസ്തീനിലെയും കെനിയയിലെയും ജമൈക്കയിലെയുമെല്ലാം വിദ്യാർഥികൾക്ക് ‘എലാം’ അവരുടെ വീടായി. കുഞ്ഞു രാജ്യമാണെന്നതോ തൊട്ടപ്പുറത്ത് ലോകത്തെ സാമ്രാജ്യത്വഭീകരൻ കലിപൂണ്ട് നിൽക്കുന്നുണ്ടെന്നതോ ഒന്നും ഫിദലിനെ പിന്തിരിപ്പിച്ചില്ല. ഏതു പ്രതിസന്ധിയിലും ജനതയെ വിപ്ലവപക്ഷത്ത് അടിയുറപ്പിച്ചുനിർത്താൻ ഫിദലിന്‌ അറിയാമായിരുന്നു.


ചരിത്രം നിങ്ങളെ നീതിമാനെന്ന് 
വിധിച്ചിരിക്കുന്നു!


1953ലെ മൊങ്കാഡോ ബാരക്ക് ആക്രമണത്തെ തുടർന്ന് വിചാരണ നേരിടുമ്പോഴാണ് ഫിദലിന്റെ പ്രസിദ്ധമായ ‘ചരിത്രം എന്നെ നിരപരാധിയെന്ന് വിധിക്കും' എന്നവസാനിക്കുന്ന പ്രസംഗം. ക്യൂബൻ വിപ്ലവത്തിന്റെ മാനിഫെസ്റ്റോകൂടിയായി അതു മാറി. ആ പ്രസംഗത്തിനിടയിൽ നിർഭയനായ ഫിദൽ ഇങ്ങനെ പറയുന്നുണ്ട്– ‘‘ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു, ഞാൻ ഇപ്പോഴാണ് തുടങ്ങുന്നത്! നിങ്ങളുടെ ഹൃദയങ്ങളിൽ രാജ്യത്തോടുള്ള സ്നേഹത്തിന്റെയോ മനുഷ്യരാശിയോടുള്ള അനുകമ്പയുടെയോ നീതിയോടുള്ള പ്രതിബദ്ധതയുടെയോ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ശ്രദ്ധയോടെ കേൾക്കുക. അനേക വർഷങ്ങളോളം എന്റെ ശബ്ദം മൂടിവയ്ക്കപ്പെടുമെന്ന് എനിക്കറിയാം. സത്യം അടിച്ചമർത്താൻ ഈ ഭരണകൂടം എല്ലാ മാർഗങ്ങളും പ്രയോഗിക്കുമെന്ന് എനിക്കറിയാം. എന്നെ വിസ്‌മൃതിയുടെ ആഴങ്ങളിലേക്ക് തള്ളിക്കളയാനുള്ള ഗൂഢാലോചനകളും ഉണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ, എന്റെ ശബ്ദത്തെ ഒരിക്കലും ശ്വാസംമുട്ടിക്കാനാകില്ല. ഏറ്റവും ഏകാകിയായ നിമിഷങ്ങളിൽപ്പോലും അത് എന്റെ നെഞ്ചിൽനിന്ന് ഉയർന്നുവരും. നിഷ്ഠുരരായ ഭീരുക്കൾ നിഷേധിക്കുന്ന അഗ്നിയൊക്കെയും എന്റെ ഹൃദയം അതിന് പകർന്നുനൽകും.”

Fidel Castro

ഫിദലിന്റെ ശബ്ദം മൂടിവയ്‌ക്കാൻ അവർക്കായില്ല. 637 തവണ ശ്രമിച്ചിട്ടും ഫിദലിനെ കൊല്ലാൻ യുഎസ്‌ ചാരസംഘടനയ്ക്കും സാധിച്ചില്ല. ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ടവരുടെ നിരയിൽനിന്ന്‌ ഫിദൽ അടർത്തിമാറ്റപ്പെട്ടില്ല. ഫിദൽ എന്നു മക്കൾക്ക് പേരിട്ട മാതാപിതാക്കൾ ഇല്ലാത്ത നാടുകൾ ഇല്ല. നിരപരാധിയെന്നുമാത്രമല്ല, ഈ നൂറ്റാണ്ട് കണ്ട ഏറ്റവും നീതിമാനായ മനുഷ്യനെന്ന് ലോകം ഫിദലിനെ വിളിച്ചു.


ലോകത്തിന്റെ പ്രിയപ്പെട്ടവൻ


നീണ്ട 27 വർഷത്തെ തടവിനുശേഷം മോചിതനായ നെൽസൺ മണ്ടേലയ്ക്ക് ആദ്യം ആരെ സന്ദർശിക്കണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. അദ്ദേഹം ഹവാനയിലെത്തി സഹോദരസ്നേഹത്തോടെ ഫിദലിനെ പുണർന്നു.


ക്യൂബയുമായും ഫിദലുമായുള്ള സൗഹൃദത്തെപ്പറ്റി മണ്ടേല ഇങ്ങനെ പ്രതികരിച്ചു:

‘‘അറുപതുകളിൽ, വർണവിവേചന ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ സഹായത്തിനായി ഞങ്ങൾ ആദ്യം സമീപിച്ച രാഷ്ട്രം അമേരിക്കയായിരുന്നു. ഞങ്ങൾക്ക് ആ സർക്കാരിന്റെ സമീപത്തെത്താൻപോലും സാധിച്ചിരുന്നില്ല. അവർ ഞങ്ങളുടെ അഭ്യർഥന നിരാകരിച്ചു. എന്നാൽ, ക്യൂബയോ? ഞങ്ങൾ പിന്തുണ അഭ്യർഥിച്ച നിമിഷംതന്നെ അവർ അതിന്‌ തയ്യാറായി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഞങ്ങൾക്കൊപ്പം ചേർന്ന ആദ്യത്തെ രാഷ്ട്രം. ഞങ്ങൾ ക്യൂബയുമായി ഒരു ബന്ധവും സ്ഥാപിക്കരുതെന്ന് ഇന്ന് പടിഞ്ഞാറൻ ശക്തികൾ പറയുമ്പോൾ, ഞങ്ങൾ എന്തിനത് ചെവിക്കൊള്ളണം?”


ഇതേ അനുഭവം, ആഫ്രിക്കയിലെ പോർച്ചുഗീസ് കോളനി വാഴ്‌ചയ്‌ക്കെതിരെ പോരാടി രക്തസാക്ഷിയായ അമിൽകാർ കബ്രാളിനും ബുർക്കിന ഫാസോയുടെ പോരാളിയും രക്തസാക്ഷിയുമായ തോമസ് സങ്കാരയ്ക്കും പലസ്തീൻ വിമോചന സമരനായകൻ യാസർ അറഫാത്തിനും പാൻ ആഫ്രിക്കനിസത്തിന്റെ പ്രചാരകനും ഘാനയുടെ വിമോചകനുമായ ക്വാമെ എൻക്രൂമയ്ക്കും നിക്കരാഗ്വയുടെ ഗറില്ലാ പോരാളിയും ആദ്യത്തെ തദ്ദേശീയ പ്രസിഡന്റുമായ ഡാനിയേൽ ഒർട്ടേഗയ്ക്കും വെനസ്വേലയിൽ ബൊളിവേറിയൻ വിപ്ലവത്തിന്റെ നായകൻ ഹ്യൂഗോ ഷാവേസിനുമെല്ലാം പങ്കുവയ്‌ക്കാനുണ്ട്. 1966ൽ ക്യൂബയിലെ ഹവാനയിൽ ഫിദലിന്റെകൂടി സംഘാടനത്തിൽ വിളിച്ച, ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനപ്രസ്ഥാനങ്ങളുടെ ‘ട്രൈകോണ്ടിനെന്റൽ സമ്മേളന'ത്തിന്റെ 60–ാം വാർഷികംകൂടിയാണിപ്പോൾ. പുതിയൊരു ലോകത്തിലേക്ക് കുതിക്കാൻ മനുഷ്യവംശത്തിന്റെ ഇന്ധനമായിരുന്നു ഫിദൽ.

Fidel Castro

ഫിദൽ വാഗ്ദാനം പാലിച്ചിരിക്കുന്നു!


ആഴ്ചകൾക്കുമുന്പാണ് ക്യൂബയ്ക്കെതിരായ ഒരു കുറ്റപത്രം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്‌ പുറത്തിറക്കിയത്. അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഫിദലിനെ പരാമർശിച്ചാണ്. യുഎസിനെതിരായ പോരാട്ടത്തിന്‌ ഫിദൽ ആഹ്വാനംചെയ്തെന്നും അതിനായി ‘മൂന്നാംലോകത്തെ’ സജ്ജമാക്കിയെന്നുമാണ് ആരോപണത്തിന്റെ സാരം. ഫിദൽ വാഗ്ദാനം പാലിച്ചു എന്നു പറഞ്ഞാണ് ആ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിൽനിന്ന്‌ ലോകത്തെ രക്ഷിക്കുകയാണ് ഇക്കാലത്തെ വിപ്ലവകാരികളുടെ ഏറ്റവും വലിയ കർത്തവ്യമെന്ന്‌ ഉറപ്പ്. ഒരു ദശകംമുന്പ്‌ മരിച്ചുപോയ ആ മനുഷ്യൻ ലോകത്തെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തിയായ ഭീകരരാഷ്ട്രത്തെ ഇന്നും അലോസരപ്പെടുത്തുന്നുണ്ടത്രേ.


സോവിയറ്റ് യൂണിയനിലെ പുതിയ സംഭവവികാസങ്ങളെ തുടർന്ന് ലോകത്ത് സോഷ്യലിസം തകരുകയാണെന്ന വലിയ പ്രചാരണം നടക്കുന്ന കാലം. 1989 ജൂലൈ 26ന്‌ ക്യൂബൻ വിപ്ലവത്തിന്റെ വാർഷികദിനത്തിൽ ഹവാനയിലെ വിപ്ലവചത്വരത്തിനു ചുറ്റും തടിച്ചുകൂടിയ ലക്ഷക്കണക്കിന്‌ മനുഷ്യരോട് ഫിദൽ പറഞ്ഞു– “ലോകത്ത് സോഷ്യലിസ്റ്റ് സമുദായം ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? അങ്ങനെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാലും, അങ്ങനെയാണെങ്കിൽ സാമ്രാജ്യത്വശക്തികൾ മൂന്നാംലോക രാജ്യങ്ങൾക്കുമേൽ വന്യമൃഗങ്ങളെപ്പോലെ ചാടിവീഴും. ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിനുമുന്പുള്ള കാലത്തെപ്പോലെ ലോകത്തെ അവർ പങ്കിട്ടെടുക്കും. എണ്ണയും പ്രകൃതിവിഭവങ്ങളും ശതകോടിക്കണക്കിന് ജനങ്ങളുടെ മനുഷ്യവിഭവശേഷിയുമെല്ലാം അവർ പങ്കിട്ടെടുക്കും. മനുഷ്യവംശത്തിന്റെ നാലിൽ മൂന്നിനെയും അവർ വീണ്ടും കോളനികളാക്കും.” എക്കാലത്തേക്കുമുള്ളൊരു മുന്നറിയിപ്പാണ് ഫിദൽ നൽകിയത്. തലമുറകളുടെ ജാഗ്രതയായി അത് തുടരും. എന്നാൽ, ഫിദൽ തന്റെ പ്രസംഗം ഒരു അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പിൽ അവസാനിപ്പിക്കുന്നില്ല. നാം എന്തുചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു– ‘‘എന്നിരുന്നാലും, അത്തരമൊരു സാഹചര്യത്തിൽപ്പോലും സമരങ്ങൾ ഇല്ലാതാവുകയില്ല. ജനങ്ങൾ പോരാട്ടം തുടരും. എന്നത്തേക്കാളും തീവ്രമായി. ഞങ്ങളുടെ ജനത, ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ വിപ്ലവം ആ സമരത്തിന്റെ മുൻനിരയിലുണ്ടാകും!”


ഫിദൽ വാക്ക് പാലിച്ചിരിക്കുന്നു!

നന്ദി, കൊമൻഡാന്റെ!



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home