പഴശ്ശി കനാൽ അണ്ടർ ടണൽ തകർന്നു

പഴശ്ശി പദ്ധതിയുടെ തെളുപ്പ് ഭാഗത്തെ പ്രധാന അണ്ടർ ടണൽ തകർന്ന നിലയിൽ.
സ്വന്തം ലേഖകൻ
Published on Aug 09, 2026, 02:44 AM | 3 min read
മട്ടന്നൂർ
പഴശ്ശി കനാലിന്റെ കാര തെളുപ്പിൽ ഭാഗത്ത് അണ്ടർ ടണൽ തകർന്ന് വെള്ളംകയറി ദുരിതത്തിലായത് രണ്ട് പ്രദേശങ്ങൾ. തേക്കിൻ കാട്, തെളുപ്പ് പ്രദേശങ്ങളിലാണ് ദുരിതമുണ്ടായത്. എട്ടോളം വീടുകളിലാണ് വെള്ളം കയറിയത്. നാലു വീടുകൾ പൂർണമായും വെള്ളം കയറി ഉപയോഗശൂന്യമായി. നാലു വീടുകളിൽ ഭാഗികമായി വെള്ളം കയറി. ശനി അർധരാത്രിയോടെയായിരുന്നു സംഭവം. അപകട സാധ്യതയെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായമുണ്ടായില്ല. ദുരന്തത്തിൽ വൻ നാശനഷ്ടമുണ്ടായി. ചില വീടുകളുടെ ഒന്നാംനിലയോളം വെള്ളം കയറിയിരുന്നു. മട്ടന്നൂർ -കുഞ്ഞിപ്പള്ളി-വളയാൽ റോഡിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിന്റെ അണ്ടർ ടണലാണ് തകർന്നത്. അതിശക്തമായാണ് വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. തേക്കിൻ കാട്ടിലെ നിർമാല്യത്തിൽ സി ഉത്തമൻ, സി മധു, നിഷാ നിവാസിൽ ചേലേരി പ്രകാശൻ, നന്ദനം അനുന്താത്ത് സി കാഞ്ചന എന്നിവരുടെ വീടാണ് വെള്ളത്തിലായത്. തെളുപ്പ് ഭാഗത്തെ കെ ഖാദർ, താഹിറ, അബ്ദുറഹ്മാൻ, ഷംസുദ്ദീൻ എന്നിവരുടെ വീടുകളിൽ വെള്ളം കുത്തിയൊഴുകിയെത്തി നാശമുണ്ടായി. സി ഉത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ഓട്ടോയും വെള്ളത്തിൽ മുങ്ങി. ഖാദറിന്റെ വീട്ടുമതിൽ പൂർണമായും തകർന്നു. കല്ലും മണ്ണും വെള്ളവും അടക്കം വീട്ടിനുള്ളിൽ കയറി. കെ അബ്ദുറഹ്മാന്റെ വീട്ടുമതിലും തകർന്നു. കനാലിന്റെ ഭാഗം ഇടിയാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉറങ്ങാതെ നിന്നതാണ് വൻദുരന്തം ഒഴിവാക്കിയത്. സാധന സാമഗ്രികളൊന്നും മാറ്റാനുള്ള സാവകാശം വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. അഞ്ചോളം വീട്ടുകാരെ നേരത്തെ തന്നെ മാറ്റിയിരുന്നു. ബാക്കി വീട്ടുകാരെ കനാൽ തകർന്നു വീഴുന്നതിന്റെ ശബ്ദം കേട്ടതോടെ പെട്ടെന്നുതന്നെ മാറ്റാൻ കഴിഞ്ഞതായി സിപിഐ എം ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ പറഞ്ഞു. മട്ടന്നൂർ - തെളുപ്പ് -വളയാൽ റൂട്ടിൽ ഗതാഗതവും നിലച്ചു. കണ്ണൂർ എയർപോർട്ടിലേക്കുള്ള എളുപ്പ മാർഗമായ ഈ റോഡിലൂടെ കനാലിന്റെ തകർന്ന ഭാഗങ്ങൾ സാധാരണ നിലയിൽ ആക്കിയാൽ മാത്രമേ ഗതാഗതം പുനരാരംഭിക്കാൻ കഴിയുകയുള്ളു. വി കെ സനോജ് എംഎൽഎ, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി സജീവൻ, എ പ്രകാശൻ, സിപിഐ എം മട്ടന്നൂർ ഏരിയാ സെക്രട്ടറി എം രതീഷ് എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മന്ത്രി സണ്ണി ജോസഫ്, സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം പി പുരുഷോത്തമൻ, എൻ വി ചന്ദ്രബാബു, ആർജെഡി ജില്ലാ സെക്രട്ടറി കെ പി രമേശൻ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
പഴശ്ശി പ്രധാന കനാൽ 2019ലും തകർന്നു
മട്ടന്നൂർ ഒരുവർഷം മുമ്പാണ് കോടികൾ ചെലവിട്ട് പഴശ്ശി കനാൽ നവീകരിച്ച് വെള്ളമൊഴുക്കിത്തുടങ്ങിയത്. ഇപ്പോൾ തകർന്നതിന് 300 മീറ്റർ അകലെ ആറുവർഷംമുമ്പ് കനാൽ തകർന്നിരുന്നു. 2019 ആഗസ്‌തിലാണ് കനത്ത മഴയിൽ പ്രധാന കനാൽ തകരുകയും റോഡ് നെടുകെ പിളരുകയും ചെയ്തത്. വളയാൽ കനാൽ റോഡിലെ കാരയിൽ റോഡിന്റെ മധ്യഭാഗം തകർന്ന് ഒഴുകിപ്പോകുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയാണ് കനാൽ നന്നാക്കാൻ സർക്കാർ അനുവദിച്ചത്. കീഴല്ലൂർ, തെളുപ്പ്, വേങ്ങാട്, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ കടന്നുപോയിരുന്ന വഴിയാണിത്. മൂന്ന് വർഷത്തോളം കാത്തിരുന്ന ശേഷമാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. കാലപ്പഴക്കമാണ് കനാൽ തകരാൻ കാരണം.
മൂന്നിടത്ത് കനാൽ ഇടിയാൻ സാധ്യത
60 വർഷത്തിലേറെ പഴക്കമുണ്ട് പഴശ്ശി കനാലിന്. പ്രധാന കനാലിൽ തെളുപ്പ് ഭാഗത്ത് മൂന്നിടത്ത് തകർച്ചാഭീഷണിയുണ്ട്. ഇവിടങ്ങളിൽ ചോർച്ചയുണ്ട്. ഈഭാഗങ്ങൾക്ക് സമീപത്തായാണ് മുമ്പും ഇപ്പോഴും കനാൽ തകർന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വി കെ സനോജ് എംഎൽഎ
മട്ടന്നൂർ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലെ അണ്ടർ ടണൽ തകർന്ന് നിവധി കുടുംബങ്ങൾക്ക് നാശം നേരിട്ട സാഹചര്യത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് അടിയന്തര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് വി കെ സനോജ് എംഎൽഎ ജലവിഭവ മന്ത്രി മോൻസ് ജോസഫ്, കലക്ടർ പി വിഷ്ണുരാജ് എന്നിവർക്ക് കത്തയച്ചു. വൻ നഷ്ടമാണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. കൃത്യമായ കണക്കെടുത്ത് ഉണ്ടായിട്ടുള്ള നഷ്ടം കണക്കാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
അടിയന്തരമായി നഷ്ടപരിഹാരം നൽകണം: സിപിഐ എം
മട്ടന്നൂർ പഴശ്ശി കനാലിന്റെ തെളുപ്പിലെ അണ്ടർ ടണൽ തകർന്നുണ്ടായ ദുരിതത്തിലകപ്പെട്ട വീട്ടുകാർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മട്ടന്നൂർ ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തകർന്ന റോഡ് പുനർ നിർമിക്കണം. പ്രധാന കനാലിന്റെ ഇനിയും അപകട സാധ്യതയുള്ള അണ്ടർ ടണലുകൾ മാറ്റി നിർമിക്കാനും നടപടിയുണ്ടാകണം. ഏരിയാ സെക്രട്ടറി എം രതീഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വീട്ടു സാധനങ്ങൾ മാറ്റാൻ സമയം കിട്ടിയില്ല
മട്ടന്നൂർ
വെള്ളി രാത്രി പത്തോടെ ഉറങ്ങാൻ കിടന്നതാണ്. അപ്പോഴാണ് അയൽവാസി വിളിച്ച് വെള്ളം കയറുന്നതായി പറഞ്ഞത്. പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വെള്ളമൊന്നൂം കണ്ടില്ല. റോഡിലേക്ക് വന്നപ്പോൾ കനാൽ പൊട്ടിയതായി തോന്നി. ഉടനെ വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും വെള്ളം കയറി. -തേക്കിൻകാട്ടിലെ നിമിഷാ നിവാസിലെ ചേലേരി പ്രശാന്തൻ പറഞ്ഞു. വീട് എങ്ങനെ ഇനി വാസയോഗ്യമാക്കുമെന്ന വേവലാതിയിലാണ്. വെള്ളം കയറുന്നത് കണ്ടതോടെ മറ്റുള്ളവരെ വിളിച്ചുവരുത്തി. കിടപ്പുരോഗിയായ അമ്മ വീട്ടിലുണ്ടായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെ അമ്മയെയും മറ്റും സമീപത്തെ മകളുടെ വീട്ടിലേക്ക് മാറ്റി. വീട്ടു സാധനങ്ങളൊന്നും മാറ്റാൻ സമയം കിട്ടിയില്ല.









0 comments