ബെവ്‌കോ ഭരിക്കുന്നത് ഉദ്യോഗസ്ഥരും ഐൻടിയുസിക്കാരും

സ്വന്തം ലേഖകൻ
Published on Aug 24, 2026, 02:48 AM | 1 min read
പിണറായി
സംസ്ഥാന ബിവറേജസ് കോർപറേഷനിൽ വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി ഐൻടിയുസിയിലെ ഒരു വിഭാഗം സംഘടനയും ഉദ്യോഗസ്ഥരും ഭരണം നടത്തുന്നതായി പരാതി. ബിവറേജസ് കോർപറേഷനിലെ സ്ഥലംമാറ്റങ്ങളും ക്രമീകരണങ്ങളുമടക്കം മന്ത്രിയുടെ നിർദേശങ്ങൾപോലും അവഗണിച്ച് നടത്തുന്നത് ഇക്കൂട്ടരാണ് എന്നാണ് ആക്ഷേപം. കോർപറേഷനിലെ കാര്യങ്ങളിൽ മന്ത്രിയുടെ അജ്ഞത മുതലെടുത്താണ് പ്രവർത്തനങ്ങൾ. പിഎസ്‌സി വഴി നിയമനം ലഭിച്ച ജീവനക്കാരുള്ള കേരള സ്‌റ്റേറ്റ് ബിവറേജസ് സ്‌റ്റാഫ് ഓർഗനൈസേഷൻ എന്ന സംഘടനയെ നോക്കുകുത്തിയാക്കി, ബിവറേജസ് എംപ്ലോയീസ് അസോസിയേഷനാണ് കോർപറേഷൻ ഭരണത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്നത്. കെഎസ്‌ബിസിയിലെ അബ്‌കാരി തൊഴിലാളി വിഭാഗം യുഡിസി (എൻസി), എൽഡിസി(എൻസി) ജീവനക്കാരെ കേഡർ തസ്‌തികയിൽ ഉൾപ്പെടുത്തി സർവീസിന്റെയും വിദ്യാഭ്യാസയോഗ്യതയുടെയും അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം അനുവദിക്കണമെന്ന് ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ഇതിനകം ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഇതിനായി ഭരണാനുകൂല വിഭാഗം, പിഎസ്‌സി സംഘടനയായ കേരള സ്‌റ്റേറ്റ് ബിവറേജസ് സ്‌റ്റാഫ് ഓർഗനൈസേഷനെ ദുർബലപ്പെടുത്തി ബെവ്‌കോ എംപ്ലോയീസ് അസോസിയേഷനിൽ ലയിപ്പിക്കണമെന്ന് മന്ത്രിയുടെ ഓഫീസിലെ ഒരു വിഭാഗം സമ്മർദ്ദംചെലുത്തുന്നതായാണ് സൂചന. കഴിഞ്ഞ മൂന്നുസർക്കാരുകളും സാങ്കേതികത്വം മുന്നിൽക്കണ്ട് നിരാകരിച്ച ആവശ്യമാണ് ഇപ്പോൾ വീണ്ടും കുറുക്കുവഴിയിലൂടെ നേടാൻ ശ്രമിക്കുന്നത്.










0 comments