ad
Deshabhimani

പാലത്തായി പീഡനക്കേസ്‌

സർക്കാർ അനാസ്ഥയ്‌ക്കെതിരെ കുടുംബം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 24, 2026, 02:46 AM | 2 min read

തലശേരി

പാലത്തായി പീഡനക്കേസിൽ ജീവിതാവസാനംവരെ തടവിന്‌ വിചാരണക്കോടതി ശിക്ഷിച്ച ബിജെപി നേതാവ്‌ പാനൂർ കടവത്തൂരിലെ കുനിയിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം ലഭിക്കാനിടയായതിലെ സർക്കാർ അനാസ്ഥയ്‌ക്കെതിരെ കുടുംബം. കേസിന്റെ ഗ‍ൗരവം കണക്കിലെടുത്ത്‌ ഇടപെടുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കുടുംബം പറയുന്നു. ഏറെ ചർച്ചയായ കേസിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്‌ ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷന്‌ (ഡിജിപി) നൽകിയ അപേക്ഷ ഗ‍ൗരവത്തിൽ കണ്ടില്ലെന്നും പരാതിയുണ്ട്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ (എഡിജിപി) ആണ്‌ പാലത്തായി കേസിൽ ഹൈക്കോടതിയിൽ ഹാജരായത്‌. പാലത്തായി കേസിനെക്കുറിച്ച്‌ നല്ല ധാരണയുള്ള മുസ്ലിംലീഗ്‌ നേതാവായ മുഹമ്മദ്‌ ഷാ എഡിജിപിയായി ഹൈക്കോടതിയിൽ ഉണ്ടായിട്ടും ജൂനിയറായ ഗവ. പ്ലീഡറെ നിയോഗിച്ചത്‌ സംശയം വർധിപ്പിക്കുന്നതാണ്‌. എഡിജിപി ഇ‍ൗ കേസിൽനിന്ന്‌ മാറിനിന്നത്‌ ആരെ സഹായിക്കാനാണെന്ന ചോദ്യത്തിന്‌ നിയമവകുപ്പും സർക്കാരുമാണ്‌ മറുപടി നൽകേണ്ടത്‌. ഗവ. പ്ലീഡറുടെ നടപടികളിൽ തുടക്കംമുതലേ കുടുംബത്തിന്‌ സംശയമുണ്ടായിരുന്നു. പ്രതിയുടെ അപ്പീൽ കോടതിയിൽ എത്തിയതുമുതൽ സർക്കാർ അഭിഭാഷകർ നടത്തിയ പല നീക്കവും സംശയാസ്‌പദമായിരുന്നു. ജൂൺ ആദ്യം പരിഗണിച്ച കേസ്‌ ഒക്‌ടോബറിലേക്കാണ്‌ ആദ്യം മാറ്റിവച്ചത്‌. കേസ്‌ ഉടൻ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിഭാഗം കോടതിയിലെത്തിയപ്പോൾ സർക്കാർ അഭിഭാഷക നൽകിയ എതിർസത്യവാങ്മൂലം ദുർബലമായിരുന്നുവെന്ന്‌ ആക്ഷേപമുണ്ട്. ജീവിതാവസാനംവരെ തടവിന്‌ ശിക്ഷിക്കപ്പെട്ട പീഡനക്കേസ്‌ പ്രതി ഒന്പത്‌ മാസമായപ്പോഴാണ്‌ ജാമ്യം നേടി പുറത്തുവരുന്നത്‌. ​കേസിൽ നീതി ഉറപ്പുവരുത്താൻ, പ്രതിക്ക്‌ ജാമ്യം അനുവദിച്ച ഹൈക്കോടതിവിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നാണ്‌ കുടുംബത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച്‌ അഭിഭാഷകരുമായി ആലോചിച്ച്‌ മുഖ്യമന്ത്രിക്ക്‌ ഉടൻ നി‍വേദനം നൽകും. നീതി നിഷേധിക്കപ്പെട്ടെന്ന വികാരമാണ്‌ കുടുംബത്തിന്‌.


സർക്കാർ അപ്പീൽ നൽകണം: മഹിളാ അസോസിയേഷൻ

കണ്ണൂർ

പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകൻ പത്മരാജന്‌ ജാമ്യംലഭിച്ചതിലൂടെ യുഡിഎഫ്‌ സർക്കാരിന്റെ സ്ത്രീവിരുദ്ധത തെളിഞ്ഞതായി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ മാസങ്ങൾക്കുള്ളിലാണ്‌ ആർഎസ്‌എസ്‌ നേതാവായ പ്രതിക്ക്‌ ജാമ്യം ലഭിച്ചത്‌. പ്രോസിക്യൂഷന്റെ മൗനസമ്മതമാണ് വിധിക്കുപിന്നിലുണ്ടായതെന്ന്‌ വ്യക്തം. യുഡിഎഫ് സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടർമാർ ബിജെപിക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ ദുരന്തമാണ് പോക്സോ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യം. പാലത്തായിയിൽ സ്വന്തം അധ്യാപകനിൽനിന്ന് ക്രൂരപീഡനമേറ്റുവാങ്ങേണ്ടിവന്ന പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെടരുത്. ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ അപ്പീൽ പോകണമെന്നും പ്രതിയെ ജയിലിലടക്കണമെന്നും ജില്ലാ പ്രസിഡന്റ്‌ സി രജനിയും സെക്രട്ടറി പി കെ ശ്യാമളയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home