തലയുയർത്തി ജില്ലാകോടതി സമുച്ചയം

ജില്ലാ കോടതി സമുച്ചയം
ബബിഷ ബാബു
Published on Feb 04, 2026, 02:30 AM | 1 min read
തലശേരി
അറബിക്കടലിന് അഭിമുഖമായി തലയുയർത്തി നിൽക്കുന്ന തലശേരിയിലെ കോടതി സമുച്ചയം നീതിന്യായ പൈതൃകത്തിന് പുതിയ കരുത്തേകുന്നു. രണ്ട് നൂറ്റാണ്ടിന്റെ ചരിത്രഭാരമുള്ള തലശേരി ജില്ലാ കോടതിയുടെ പ്രൗഢി വിളിച്ചോതുന്ന എട്ടുനില മന്ദിരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് 57 കോടി രൂപ ചെലവിലാണ് നിർമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യവും മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും സ്‌പീക്കർ എ എൻ ഷംസീറിന്റെയും ഇടപെടലുമാണ് ജില്ലാ കോടതിക്ക് അതിമനോഹരമായ കെട്ടിടം യാഥാർഥ്യമാക്കിയത്. 1798-ൽ മലബാർ കമീഷന്റെ ഭരണക്രമമനുസരിച്ച് തുടക്കം കുറിച്ച കോടതി, വികസനത്തിന്റെ പുതിയ അധ്യായം കുറിച്ച് 136 മുറികളുള്ള അത്യാധുനിക സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്. പൂർണമായും ഭിന്നശേഷി സൗഹൃദമായ ഈ കെട്ടിടം ആധുനികതയും ചരിത്രവും ഒത്തുചേരുന്ന അപൂർവമായൊരു നിർമ്മിതി. തലശേരി പട്ടണത്തിലെ ഏറ്റവും വലിയ നിർമിതികളിലൊന്ന്. അത്യാധുനിക സൗകര്യങ്ങളാൽ സമ്പന്നമായ ഈ കെട്ടിടത്തിൽ സാക്ഷികൾക്കുള്ള വിശ്രമമുറികൾ, അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം, ശീതീകരിച്ച ഓഡിറ്റോറിയം, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 80 ലക്ഷം രൂപ ചെലവിൽ സോളാർ സംവിധാനവും അണ്ടർഗ്രൗണ്ട് പാർക്കിങ്ങും ഇവിടെ ഒരുക്കി. വിവിധ നിലകളിലായി ജില്ലാ കോടതികൾമുതൽ കുടുംബ കോടതിയും സബ് കോടതികളും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസും ക്രമീകരിച്ചിരിക്കുന്നു. നീതിന്യായ ചരിത്രം വിശദീകരിക്കുന്നതിന് കെട്ടിടത്തിന്റെ നാലാം നിലയിൽ വിപുലമായ പൈതൃക മ്യൂസിയം ഒരുക്കിയിട്ടുണ്ട്. 1792-ൽ വടക്കേ മലബാർ പ്രവിശ്യാ കോടതിയായി തുടങ്ങിയ കാലം മുതലുള്ള അപൂർവ ശേഖരങ്ങളാണ് ഇവിടെയുള്ളത്. ബ്രിട്ടീഷ് ഭരണകാലത്തെ കോടതി മുറികളെ അനുസ്മരിപ്പിക്കുന്ന പഴയകാല ഇരിപ്പിടങ്ങൾ, താളിയോലകൾ, പുരാതന പഞ്ചിങ് ഉപകരണങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കുന്നു. വക്കീലില്ലാതെ വിചാരണ നടത്തി വധശിക്ഷ വിധിച്ച കേസുകളുടെ രേഖകളും ബ്രിട്ടീഷ് ജഡ്ജിമാർ സ്വന്തം കൈപ്പടയിൽ എഴുതിയ വിധിന്യായങ്ങളും ഇവിടുത്തെ ആർക്കൈവ്സുകളുടെ പ്രത്യേകതയാണ്.










0 comments