അയ്യങ്കുന്നിൽ 40 വീടുകൾക്ക് നാശം
പാറയ്ക്കാമലയിലും ഉരുപ്പുകുറ്റിയിലും ഉരുൾപൊട്ടി

അയ്യൻകുന്ന് ഉരുപ്പുംകുറ്റി ആയാംകുടി മലയിൽ ഉരുൾപൊട്ടലിൽ തകർന്ന ബെന്നി കുന്നിനിയുടെ കൃഷിയിടം
ഇരിട്ടി
ജില്ലയിൽ ഏറ്റവുമധികം മഴപെയ്ത അയ്യങ്കുന്ന് പഞ്ചായത്തിൽ 40 വീടുകൾ മണ്ണിടിച്ചിലിൽ തകർന്നു. പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ഞായർ രാത്രിയിൽ ഉരുൾപൊട്ടി. റോഡിലേക്ക് കല്ലും മണ്ണും ചെളിയും ഒലിച്ചെത്തി റോഡ് തകർന്നു. ഗതാഗതവും തടസപ്പെട്ടു. ഉരുപ്പുംകുറ്റി ആയാംകുടി മലയിലും കമ്പിപ്പാലത്തിനടുത്ത് പാലയ്ക്കൽ മാത്യുവിന്റെ കൃഷിയിടത്തിലുമാണ് ഉരുൾപൊട്ടിയത്. മഴയിൽ തകർന്ന ആറളം കക്കുവ ബ്ലോക്ക് പതിമൂന്നിലേക്കുള്ള പാലം പുനഃസ്ഥാപിക്കാത്തതിനാൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ആറളം പഞ്ചായത്തിലെ ചതിരൂർ, കോഴിയോട്, ഇടവേലി, പറമ്പത്തെക്കണ്ടി, പൂതക്കുണ്ട് മേഖലകളിലും വ്യാപക നാശമുണ്ട്. ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുര പാലം തകർന്നു. അനുബന്ധ റോഡ് തകർന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചു. മണിക്കടവിൽ റേഷൻ കടയിൽ വെള്ളം കയറി 29 ചാക്ക് അരിയും മൂന്ന് ചാക്ക് ഗോതമ്പും നശിച്ചു. വട്ട്യാന്തോട്, മണിക്കടവ്, വയത്തൂർ പാലം വഴി ഗതാഗതം പുനഃസ്ഥാപിച്ചു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയുടെ മതിലിടിഞ്ഞ് പത്ത് കല്ലറകൾ തകർന്നു. മഴ അൽപ്പം നേർത്തതോടെ പുഴകളിലെ ജലനിരപ്പ് താഴ്‌ന്നു. ആറളത്തെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചു. പായം കിളിയന്തറയിൽ പുനരധവസിപ്പിച്ച കുടുംബങ്ങളുടെ വീടുകളുടെ പരിസരങ്ങളിൽ രൂപപ്പെട്ട വിള്ളലും അയ്യങ്കുന്നിലെ നാശബാധിത മേഖലകളും മന്ത്രി സന്ദർശിച്ചു.










0 comments