ad
Deshabhimani

സ്‌നേഹം നിറയും 
ഇ‍ൗ വീട്ടിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Mar 03, 2026, 02:30 AM | 1 min read

തലശേരി

ജാതിയും മതവും അതിരിടാത്ത മാനവികതയുടെ മറ്റൊരു കേരള സ്‌റ്റോറിയാണിത്‌. വിദ്യാർഥിയായ ഇ എസ്‌ സനുപ്രിയയുടെ കുടുംബത്തിന്‌ സഹപാഠികളുടെ സഹായത്താൽ സ്‌നേഹവീടൊരുങ്ങുന്പോൾ നാട്‌ നന്ദി പറയുന്നത്‌ പി കെ കാസിമിനോടുകൂടിയാണ്‌. കൂത്തുപറന്പ്‌ കണ്ടംകുന്നിലെ പി കെ കാസിം സംഭാവന നൽകിയ നാല്‌ സെന്റ്‌ സ്ഥലത്താണ്‌ ഇരുനില വീട്‌ ഉയർന്നത്‌. തലശേരി കോ–ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസസ്‌ എൻഎസ്‌എസ്‌ യൂണിറ്റ്‌ നിർമിച്ച പ്രഥമ സ്‌നേഹവീട്‌ 7ന്‌ രാവിലെ 10.30ന്‌ കെ കെ ശൈലജ എംഎൽഎ കൈമാറും. കോ–ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് നാലാം വർഷ ബിഎസ്‌സി എംഎൽടി വിദ്യാർഥിയാണ്‌ സനുപ്രിയ. ഒരു വർഷം കൊണ്ട് എൻഎസ്എസ് വളന്റിയർമാർ വീടിന്റെ പണി പൂർത്തീകരിച്ചു. വീട്‌ കൈമാറ്റച്ചടങ്ങിൽ ഡോ. വിഎം ഇഖ്ബാൽ മുഖ്യാതിഥിയാകും. ഇരുപത്‌ വർഷമായി വാടകവീട്ടിലാണ്‌ വിദ്യാർഥിയും കുടുംബവും. 850 സ്ക്വയർ ഫീറ്റിൽ 15.5 ലക്ഷം രൂപ ചെലവഴിച്ചാണ് വളന്റിയർമാർ വീട്‌ നിർമിച്ചത്‌. കേരള ആരോഗ്യ സർവകലാശാലയിലെ എൻഎസ്എസ് നിർമിക്കുന്ന ആദ്യത്തെ വീട് എന്ന അംഗീകാരവും കോ–ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തലശേരി എൻഎസ്എസ് യൂണിറ്റിന് ലഭിക്കും. സ്ഥലം സംഭാവന ചെയ്‌ത പി കെ കാസിം അങ്കണവാടിക്കും മറ്റൊരു വീട്‌ നിർമിക്കാനും സ്ഥലം സംഭാവന ചെയ്‌തിട്ടുണ്ടെന്ന്‌ എൻഎസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ ഡോ. സി പി ബിനീഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home