ad
Deshabhimani

യുഡിഎഫിന്‌ വോട്ടുചെയ്‌തവർ നിരാശയിൽ: എം സ്വരാജ്‌

ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനത്തിന്റെ  പൊതുസമ്മേളനം  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:46 AM | 1 min read

തലശേരി (കോടിയേരി ബാലകൃഷ്‌ണൻ നഗർ)

യുഡിഎഫിന്‌ വോട്ട്‌ ചെയ്‌ത മഹാഭൂരിപക്ഷത്തെയും നിരാശയിലാക്കുന്നതാണ്‌ സർക്കാറിന്റെ ആദ്യനടപടികളെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ പറഞ്ഞു. കഴിഞ്ഞ പത്ത്‌ വർഷം സംഘ്‌പരിവാർ ഫാസിസത്തോടും കേന്ദ്രത്തിന്റെ വിദ്വേഷ രാഷ്‌ട്രീയത്തോടും പൊരുതിനിന്നതാണ്‌ കേരളം. ഡിവൈഎഫ്‌ഐ ജില്ലാസമ്മേളന സമാപന പൊതുസമ്മേളനം പുതിയബസ്‌സ്‌റ്റാൻഡിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയസർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത്‌ മുതൽ ‘മാറ്റത്തിന്റെ കാറ്റ്‌’ വീശിത്തുടങ്ങി. ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം പൂർണതോതിൽ മുഴങ്ങിയത്‌ സത്യപ്രതിജ്ഞാ ചടങ്ങിലാണ്‌. ആർഎസ്‌എസ്‌ മുഖപത്രം ഓർഗനൈസർ യുഡിഎഫ്‌ സർക്കാറിനെ അഭിനന്ദിച്ച്‌ മുഖപ്രസംഗമടക്കമെഴുതി. അഞ്ച്‌ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ സംഘ്‌പരിവാറിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചവർക്കാണ്‌ കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടി നേരിട്ടത്‌. തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്‌. ചിലപ്പോഴെല്ലാം വലതുപക്ഷ ശക്തികൾ മേൽകൈ നേടിയെന്നും വരാം. അതിനർഥം ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്‌ടമായെന്നല്ല. ഇടതുപക്ഷം വലിയൊരു അനുഭവമായാണ്‌ ഇ‍ൗ തെരഞ്ഞെടുപ്പ്‌ ഫലത്തെ കാണുന്നത്‌. 1982ലെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ എ കെ ആന്റണി പ്രവചിച്ചത്‌ ഇനി നൂറ്‌ കൊല്ലത്തേക്ക്‌ ഇടതുപക്ഷം തിരിച്ചുവരില്ലെന്നാണ്‌. എന്നാൽ, 1987ൽ മിന്നുന്ന വിജയം ഇടതുപക്ഷം നേടി. ശരിയായ രാഷ്‌ട്രീയ നിലപാടുകൾക്കൊപ്പം ഇന്നല്ലെങ്കിൽ നാളെ എല്ലാവരും അണിനിരക്കും. ഇടതുപക്ഷത്തിന്‌ കടുക്‌മണിയോളം തെറ്റുപറ്റരുതെന്ന്‌ സമൂഹം ആഗ്രഹിക്കുന്നുണ്ട്‌. കോൺഗ്രസുകാർ കളവ്‌ നടത്തിയാൽ സമൂഹം പൊറുത്തുകൊടുക്കും. വയനാട്‌ മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കുമെന്ന്‌ പറഞ്ഞ്‌ പറ്റിച്ചവരെക്കുറിച്ച്‌ മാധ്യമങ്ങൾ പോലും ഇപ്പോൾ മിണ്ടുന്നില്ലെന്ന്‌ എം സ്വരാജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home