വത്സൻ നനച്ചുവളർത്തിയ നന്മമരത്തണൽ

വാരംകടവ് റോഡരികിലെ ചെറുതൈകൾക്ക് വെള്ളമൊഴിക്കുന്ന വത്സൻ
കെ പ്രിയേഷ്
Published on Apr 12, 2026, 02:19 AM | 1 min read
കണ്ണാടിപ്പറമ്പ്
മണ്ണിന്റെ നിശബ്ദ ഹൃദയത്തിൽ വിതച്ച സ്വപ്നങ്ങളായിരുന്നു ആ ചെറുതൈകൾ. വഴിയാത്രക്കാരുടെ പാദസ്പർശങ്ങൾക്കിടയിൽ ജീവൻതേടിയിരുന്ന അവയെ സ്നേഹത്തിന്റെ നനുത്ത സ്പർശത്തോടെ ചേർത്തുപിടിക്കുകയാണ് വാരംകടവിലെ പി പി വത്സൻ. പതിനഞ്ച് വർഷംമുമ്പ് വാരംകടവ് പുതിയപാലം നിർമാണവേളയിൽ അപ്രോച്ച് റോഡുകളിൽ ഗതാഗത, വനം വകുപ്പുകൾ ചേർന്ന് മരത്തൈകൾ നട്ടിരുന്നു. ഇതിന്റെ പരിപാലനവുമായി വത്സൻ സ്വമേധയാ മുന്നിറങ്ങുകയായിരുന്നു. ഇപ്പോൾ റോഡിന് ഇരുവശവും ആ മരങ്ങൾ വളർന്നുപന്തലിച്ച് നിൽക്കുന്നു. കണ്ണൂർ–കാസർകോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിൽ ലോട്ടറി വിൽപ്പനയാണ് വത്സന്റെ ജോലി. ഇതിന്റെ ഇടവേളയിൽ കിട്ടുന്ന സമയത്താണ് റോഡരികിലെ മരത്തൈകളുടെ പരിപാലനം. പൂവരശ്, ബദാം, നെല്ലി, ആറ്റുവഞ്ചി, പേര, ഇത്തി, ഇലഞ്ഞി, കൊന്ന, കൂവളം, സോപ്പുംകായ, മണിമരുത്, പാരിജാതം, അരണമരം, കറുവ തുടങ്ങിയ ഇരുപത്തിയഞ്ചോളം ആയുർവേദ മരങ്ങളും മാവ്, നെല്ലി, പതിമുഖം, കരിങ്ങാലി, കുമുത് തുടങ്ങിയ മരങ്ങളും വത്സന്റെ പരിചരണത്തിൽ വാരംകടവിൽ തലയുയർത്തി നിൽക്കുന്നുണ്ട്. മാതോടം ഇ കെ നായനാർ സ്മാരക വായനശാലയുടെ സഹായത്തോടെ കഴിഞ്ഞവർഷം പറശ്ശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റ് പഠനക്യാമ്പിന്റെ ഭാഗമായി വാരംകടവ് അപ്രോച്ച് റോഡിന്റെ ഇരുവശത്തും ആയുർവേദ ഔഷധ ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. വൈകുന്നേരങ്ങളിൽ ഇവയ്ക്ക് വെള്ളമൊഴിക്കുന്നതും ഇദ്ദേഹമാണ്. വാരംകടവ് പുഴയോരത്താണെങ്കിലും പുഴയിലെ ഉപ്പുവെള്ളം തൈകൾക്ക് ഒഴിക്കാനാകില്ല. വീട്ടിൽനിന്ന് വെള്ളം കോരിക്കൊണ്ടുവന്നാണ് അന്പത്തിയാറുകാരൻ ഇവയെ നനയ്ക്കുന്നത്. ഒഴിവുവേളയിൽ മനസ്സിനും ശരീരത്തിനും സന്തോഷം നൽകുന്ന പ്രവൃത്തിയായാണ് വത്സൻ ചെറുതൈകളുടെ പരിപാലനത്തെ കാണുന്നത്.











0 comments