മീൻ വാങ്ങിയാൽ പോക്കറ്റ് കീറും, ചിക്കൻ വാങ്ങിയാൽ കൈ പൊള്ളും; അടുക്കള ബജറ്റ് താളംതെറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മത്തിയുടെയും കോഴിയിറച്ചിയുടെയും വില കുതിച്ചുയരുന്നു. ഒരു കിലോ മത്തി വാങ്ങണമെങ്കിൽ 400 രൂപയും, ചിക്കൻ വാങ്ങാൻ 280 രൂപയും നൽകേണ്ട അവസ്ഥയാണിപ്പോൾ. ട്രോളിങ് നിരോധനം അവസാനിച്ചിട്ടും വിപണിയിൽ ആവശ്യത്തിന് മീൻ എത്തുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി.
മത്തിക്ക് വില കൂടിയതോടെ ആളുകൾ മറ്റ് മീനുകളിലേക്ക് മാറിയെങ്കിലും അവയുടെ വിലയും കുതിച്ചുയരുകയാണ്. മത്തിയുടെ വില കൂടുന്നതനുസരിച്ച് വിപണിയിൽ മറ്റ് മീനുകളുടെയും വില വർധിക്കുകയാണ്. വീടുകളെ മാത്രമല്ല, ഹോട്ടൽ ബിസിനസ്സുകാരെയും ഇത് ബാധിക്കുന്നുണ്ട്.
മീൻ വില കൂടിയതോടെ ആളുകൾ കൂട്ടത്തോടെ ചിക്കനിലേക്ക് തിരിഞ്ഞതോടെ ചിക്കനും വില കൂടി. കോഴിത്തീറ്റയ്ക്ക് ഒരു മാസത്തിനിടെ ചാക്കിന് 450 രൂപയോളമാണ് വർദ്ധിച്ചത്. ഒരു കോഴിക്കുഞ്ഞിന്റെ വില 40 രൂപയായും ഉയർന്നു. ഉത്പാദനച്ചെലവ് കൂടിയതോടെ പല ഫാമുകളും പ്രവർത്തനം കുറച്ചു. ഇതോടെ കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യതയും കുറഞ്ഞു.
നിലവിൽ ജീവനുള്ള കോഴിക്ക് കിലോയ്ക്ക് 180 മുതൽ 190 രൂപ വരെയാണ് വില. ഇറച്ചിക്ക് 280 രൂപയും. എന്നാൽ ഇത്രയും വിലക്കൂടുതൽ ഉണ്ടായിട്ടും കർഷകന് കിലോയ്ക്ക് വെറും 165 രൂപ മാത്രമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ ഇതേ പ്രതിസന്ധി തുടരാനാണ് സാധ്യത.
അതേസമയം മീനിന് വില കൂടുന്നതോടെ ഉച്ച ഊണിനൊപ്പം കുറഞ്ഞ വിലയ്ക്ക് നൽകിയിരുന്ന 'മത്തി ഫ്രൈ' പല ഹോട്ടലുകളും മെനുവിൽ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ വില ഇരട്ടിയാക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. ചിക്കൻ വിഭവങ്ങളുടെ വിലയും ഹോട്ടലുകളിൽ വർധിക്കാൻ ഇത് കാരണമാകും.











0 comments