സൗഹൃദത്തിന്റെയും വിവാഹത്തിന്റെയും പേരിൽ തർക്കം; 17കാരിയെ കുത്തിക്കൊന്ന് 21കാരൻ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ കുർള പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. കുർളയിലെ നെഹ്റു നഗർ പ്രദേശത്ത് ആളൊഴിഞ്ഞ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ 21 കാരനായ സൂരജ് വാഗ്മാരെയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിൻറെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ഔദ്യോഗികമായി വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച മുംബൈ പോലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കൃത്യം നടന്ന് ഏതാനും മണിക്കൂറുകൾക്കകം തന്നെ പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പോലീസിന് സാധിച്ചു. പ്രതിയെ നിലവിൽ പോലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.










0 comments