ഹോർമുസിൽ പോര് മുറുകുന്നു; കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎസ്

ഹോർമുസ് കടലിടുക്ക്
ഒമാൻ : ഇന്ന് (ശനിയാഴ്ച) നടക്കാനിരിക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായി ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി യുഎസ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്നും കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകണമെന്നുമാണ് യുഎസിന്റെ പ്രധാന ആവശ്യം.
ജൂണിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറിന് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മേഖലയിലുണ്ടായ കപ്പൽ ആക്രമണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാക്കിയത്. വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ഒരു തെറ്റായിരുന്നുവെന്ന് ഇറാൻ ഭരണകൂടം പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉപദേശകരെ സ്വകാര്യമായി അറിയിച്ചതായാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ ഒരു തീവ്രവാദ വിഭാഗമാണ് ഇതിന് പിന്നിലെന്നും ചർച്ചകൾ അട്ടിമറിക്കാൻ ഇവർ ശ്രമിച്ചതായും ഇറാൻ വിശദീകരിക്കുന്നു.
സ്വകാര്യമായ ഒഴിഞ്ഞുമാറലുകൾ യുഎസ് അംഗീകരിക്കുന്നില്ല. ഇറാൻ പരസ്യമായി പ്രഖ്യാപനം നടത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കരാർ ലംഘിക്കപ്പെട്ടതോടെ വെടിനിർത്തൽ അവസാനിച്ചു എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. എങ്കിലും ചർച്ചകളുമായി മുന്നോട്ട് പോകാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ജാരെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലാണ് യുഎസ് സംഘം ഒമാനിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ഇതിനിടെ മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഖത്തറിൽ നിന്നുള്ള പ്രതിനിധി സംഘവും വെള്ളിയാഴ്ച ഇറാനിൽ ചർച്ച നടത്തി. കപ്പൽപ്പാതയുടെ നിയന്ത്രണം തങ്ങൾക്കാണെന്ന് സ്ഥാപിക്കാൻ ഇറാൻ ശ്രമിക്കുന്നതാണ് നിലവിലെ പ്രധാന തർക്കം. എന്നാൽ അന്താരാഷ്ട്ര നിയമപ്രകാരം ഈ കപ്പൽപ്പാതയിലൂടെയുള്ള സ്വതന്ത്രമായ യാത്ര തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്ക.











0 comments