ഒന്നര വയസ്സുകാരന്‍റെ മരണം; മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടിനും താടിക്കും മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചത്. മുറിവിൽ സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ഗുരുതരാവസ്ഥയിലായെന്നാണ് കുടുംബത്തിന്റെ ആരോപണം.
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ദേവാൻഷ് പിന്നീട് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട അടിയന്തര ആവശ്യം എന്തായിരുന്നുവെന്നാണ് കുടുംബത്തിന്റെ ചോദ്യം.
കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നതായും, 18,000 രൂപ ഫീസ് നൽകിയാലേ ആശുപത്രിയിലേക്ക് വരൂവെന്ന് ഡോക്ടർ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. അനസ്തേഷ്യ നൽകിയാൽ ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു.
സൂരജിനും ഭാര്യക്കും എട്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞാണ് ദേവാൻഷ്. ഇനി ഒരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.










0 comments