ദേശീയഗാനവും ദേശീയഗീതവും ആലപിക്കുമ്പോൾ കൃത്യത നിർബന്ധം; കർശന നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയഗാനവും ദേശീയഗീതവും ആലപിക്കുമ്പോഴോ കേൾപ്പിക്കുമ്പോഴോ അവയുടെ വരികളും ഉച്ചാരണവും പൂർണ്ണമായും കൃത്യമായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം.
ഇത് സംബന്ധിച്ച് എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ഗവർണർമാരുടെ ഓഫീസുകൾക്കുമായി മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. ദേശീയഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികം രാജ്യം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ മാർഗ്ഗരേഖ.
ദേശീയഗീതവും ദേശീയഗാനവും ഏതൊക്കെ ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കണം, ഏതൊക്കെ ചടങ്ങുകളിൽ ആലപിക്കാം എന്നതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജൂലൈ 9-ന് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ, രാഷ്ട്രപതി റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവർണർമാരും ലഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കുന്ന സംസ്ഥാന ചടങ്ങുകൾ, പരേഡുകളിൽ ദേശീയ പതാക കൊണ്ടുവരുമ്പോൾ തുടങ്ങിയ അവസരങ്ങളിൽ ദേശീയഗീതം ആലപിക്കണം.
ദേശീയഗാനവും ദേശീയഗീതവും ആലപിക്കുമ്പോൾ ലിപിയും വരികളും ഉച്ചാരണവും തെറ്റുകൂടാതെ കൃത്യമായി പാലിക്കണം. ഇതിനായുള്ള ശരിയായ വരികളും ഉച്ചാരണ സഹായിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിൽ ദേശീയഗാനത്തിനൊപ്പം സംസ്ഥാന ഗാനങ്ങളും ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് വേണം ആലപിക്കാൻ. ഇതിൽ ആദ്യമായി ദേശീയഗീതവും (വന്ദേമാതരം) തൊട്ടുപിന്നാലെ ദേശീയഗാനവും (ജനഗണമന) ആലപിക്കണം.
ദേശീയഗീതം ആലപിക്കുന്ന സമയത്ത് സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കണം എന്നിങ്ങനെയാണ് മാർഗനിർദേശങ്ങൾ. ജനുവരി 28-ലെ ഉത്തരവ് പ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതത്തിന്റെ ആറ് വരികളുള്ള പതിപ്പാണ് ആലപിക്കേണ്ടത്. ഇതിന്റെ സമയദൈർഘ്യം 3 മിനിറ്റ് 10 സെക്കൻഡ് ആണ്.











0 comments