ad
Deshabhimani

വെനസ്വേല ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നു

venezuela earthquake
വെബ് ഡെസ്ക്

Published on Jul 11, 2026, 09:44 AM | 1 min read

കാരാക്കസ്: വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 4118 ആയി ഉയർന്നതായി സർക്കാർ സ്ഥിരീകരിച്ചു. തീരദേശ പ്രവിശ്യയായ ലാ ഗ്വൈറയെ പൂർണ്ണമായും തകർത്ത ദുരന്തത്തിൽ പതിനാറായിരത്തിലധികം (16,740) ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.


ആയിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് പാർലമെന്റ് ചീഫ് ജോർജ് റോഡ്രിഗസ് അറിയിച്ചു. ജൂൺ 24-നാണ് വെനിസ്വേലയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത്.


ആദ്യമുണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ, വെറും 39 സെക്കൻഡുകൾക്ക് ശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായത്. നിമിഷങ്ങൾക്കകം വൻകിട ഫ്ലാറ്റ് സമുച്ചയങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നു തരിപ്പണമാകുകയായിരുന്നു.


തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ജീവനുള്ളവർക്കായുള്ള ഔദ്യോഗിക തെരച്ചിൽ രക്ഷാപ്രവർത്തകർ അവസാനിപ്പിച്ചെങ്കിലും, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളെങ്കിലും കണ്ടെത്താനായി ബന്ധുക്കൾ സ്വന്തം നിലയിൽ തെരച്ചിൽ തുടരുകയാണ്.


അതിനിടെ വെള്ളിയാഴ്ച കാരാക്കസിൽ ഉണ്ടായ 3.0 തീവ്രതയുള്ള ചെറിയ ചലനം ജനങ്ങളിൽ വീണ്ടും പരിഭ്രാന്തി പരത്തി. മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ പല കെട്ടിടങ്ങളും താൽക്കാലികമായി ഒഴിപ്പിച്ചു.


തീവ്രമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വെനിസ്വേലയ്ക്ക് ഈ ദുരന്തത്തിൽ നിന്നുള്ള കരകയറ്റം അങ്ങേയറ്റം ദുഷ്കരമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭ 300 മില്യൺ ഡോളറിന്റെ അടിയന്തര സഹായത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


രാജ്യത്തിന്റെ പുനർനിർമാണത്തിനായി വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന വെനിസ്വേലയുടെ സമ്പത്ത് വിട്ടുനൽകണമെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home