അയ്യൻകുന്ന് വാളത്തോടിൽ കാട്ടാനയിറങ്ങി; വ്യാപകനാശം

ആറളം ഫാം ആനമുക്ക് ഭാഗത്ത് നിർമാണത്തിലിരിക്കുന്ന ആനമതിൽ കാട്ടാന തകർത്തനിലയിൽ
ഇരിട്ടി
അയ്യൻകുന്ന് പഞ്ചായത്ത് വനാതിർത്തി മേഖലയിലെ വാളത്തോട് പുഷ്പഗിരി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഏക്കർ കണക്കിന് സ്ഥലത്തെ വാഴ, തെങ്ങ്, കപ്പ കൃഷിയടക്കം ആനകൾ ചവിട്ടിമെതിച്ചു. തിങ്കൾ പുലർച്ചയാണ് കുട്ടിയാനയടക്കമുള്ള ആനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങി നാശം വിതച്ചത്. ഒരാഴ്ചയായി പ്രദേശത്ത് കാട്ടാന സാന്നിധ്യമുണ്ടെങ്കിലും പരക്കെ കൃഷി നശിപ്പിക്കുന്നത് ഇതാദ്യം. സദാനന്ദൻ തടുപ്പിൽ, രാജേഷ് പറയംപ്ലകത്ത്, പ്രഭാകരൻ അമൃതാനന്ദം തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളാണ് ആനകൾ നശിപ്പിച്ചത്. പല വീടുകളുടെയും അടുത്തെത്തിയ കാട്ടാനകൾ ഭീതി വിതച്ചു. പശുക്കളെ പരിപാലിക്കൻ പുലർച്ചെ നാലിന് തൊഴുത്തിനടുത്തെത്തിയ ക്ഷീരകർഷകൻ രാജേഷ് തൊഴുത്തിനടുത്ത് ചിന്നം വിളിക്കുന്ന കാട്ടാക്കൂട്ടത്തെയാണ് കണ്ടത്. ആനകൾ തിരിച്ചുപോയശേഷമാണ് രാജേഷ് തൊഴുത്തിൽനിന്ന് ഇറങ്ങിയത്. ഇതിനിടയിൽ കൃഷിയിടവും ആനകൾ നശിപ്പിച്ചു. മൂന്നുപേരുടെയും കൃഷിയിടത്തിലെ നിരവധി വാഴകളും തെങ്ങും മറ്റ് കാർഷികവിളകളും ആനകൾ നശിപ്പിച്ചു. റബർ മരങ്ങൾ കുത്തി വീഴ്ത്തി. നിരവധി റബർ മരങ്ങൾ ചരിഞ്ഞ നിലയിലാണ്. വേരുകൾ പൊട്ടിയ മരങ്ങൾ ഇനി ടാപ്പ് ചെയ്യാനാവില്ല. റബറിന് ഉയർന്ന വിലയുള്ള ഘട്ടത്തിൽ ആനകൾ മരങ്ങൾ പിഴുതിട്ടത് കർഷകരെ ദുരിതത്തിലാക്കി. ആറളം ഫാം മേഖലയിൽ നിന്നും തുരത്തുന്ന ആനകളാണ് നീലായ് മല വഴി വാളത്തോടിലെത്തുന്നതെന്ന് ജനങ്ങൾ പറഞ്ഞു. വന്യമൃഗ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ നിരവധി കുടുംബങ്ങൾ താമസം മറ്റു പ്രദേശങ്ങളിലേക്ക് പോയി. പോകാനിടമില്ലാത്ത കുടുംബങ്ങൾ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണ ഭീഷണിയിലാണ് കഴിയുന്നത്. താൽക്കാലിക സൗരോർജ വേലിയൊരുക്കും അയ്യൻകുന്ന് വാളത്തോട് വനാതിർത്തിയിലെ ഒന്നര കിലോമീറ്റർ ദൂരത്തിൽ താൽക്കാലിക സൗരോർജ്ജവേലി നിർമിക്കാനുള്ള നീക്കം തുടങ്ങി. താൽക്കാലിക വേലി നിർമിക്കാൻ ഇതരമേഖലകളിൽനിന്ന് പൊളിച്ചുമാറ്റിയ വേലിയുടെ ഭാഗങ്ങൾ വനം വകുപ്പ് എത്തിക്കും. ബാറ്ററി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കി താൽക്കാലിക വേലിയൊരുക്കാനാണ് പഞ്ചായത്ത് ശ്രമമെന്ന് സ്ഥലത്തെത്തിയ പ്രസിഡന്റ് മിനി വിശ്വനാഥൻ അറിയിച്ചു. ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ ഓഫീസർ സുനിൽ കുമാർ, ജനപ്രതിനിധികളായ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്‌സി മരിയ, ഷിബോ അഗസ്‌റ്റിൻ, അനീഷ് കെ പോൾ എന്നിവരുമുണ്ടായി. നിർമാണത്തിലുള്ള ആനമതിലും തകർത്തു ഇരിട്ടി ആറളം ഫാമിൽ കാട്ടാന പ്രതിരോധത്തിന് നിർമിക്കുന്ന മതിലും കാട്ടാന തകർത്തു. ബ്ലോക്ക് പത്തിൽ ആനമുക്ക് ഭാഗത്തെ മതിലാണ് ആന പൊളിച്ചത്. തകർത്ത മതിൽ കാട്ടാന ജനവാസമേഖലയിൽ കടന്നതിന്റെ കാൽപ്പാടുകളും പ്രദേശത്തുണ്ട്. ശനി പുലർച്ചെ ആർആർടി സംഘം സഞ്ചരിച്ച പട്രോളിങ് വാഹനം മോഴയാന മറിച്ചിട്ടിരുന്നു. വണ്ടിയിലുണ്ടായിരുന്ന അഞ്ച് വനപാലകർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.











0 comments