പഴയങ്ങാടിയിൽ സിപിഐ എം ബഹുജന പ്രതിരോധ സദസ്സ് ഇന്ന്

പഴയങ്ങാടി
മാടായിപ്പാറയെ മുൻനിർത്തി വർഗീയ ചേരിതിരിവിനുള്ള ആർഎസ്എസ് –ജമാഅത്തെ ഇസ്ലാമി നീക്കത്തിനെതിരെ സിപിഐ എം മാടായി ഏരിയാകമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്‌ച ബഹുജന പ്രതിരോധ സദസ്സ് സംഘടിപ്പിക്കും. ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ മാടായിപ്പാറയിൽ അനുമതിയില്ലാതെ നടത്തിയ പ്രകടനവും തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ്. മാടായിപ്പാറയെ തങ്ങളുടെ രാഷ്ട്രീയ അജൻഡകൾക്ക് ഉപയോഗിക്കാൻ വർഷങ്ങളായി ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ട്. സിപിഐ എമ്മും സാംസ്കാരിക സംഘടനകളും മതനിരപേക്ഷവാദികളും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾകൊണ്ടാണ് ഇതുവരെ അത് സാധ്യമാകാതിരുന്നത്. ഓണം– -നബിദിന നാളിൽ മാടായിപ്പാറയിൽ ജമാഅത്തെ ഇസ്ലാമി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത് ആർഎസ്എസിന്റെ താൽപര്യങ്ങൾക്ക് ഉതകുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ഇടയാക്കിയത്. വിവിധ സംസ്കാരങ്ങളുടെയും ജൈവ വൈവിധ്യത്തിന്റെയും കേന്ദ്രമായ മാടായിപ്പാറയെ അങ്ങനെതന്നെ നിലനിർത്തുകയാണ് പ്രധാനം. മാടായിപ്പാറയെ മുൻനിർത്തിയുണ്ടാക്കുന്ന വിവാദങ്ങൾ കേരളീയ സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ഇസ്ലാമിസ്റ്റ്-- –ഹിന്ദുത്വ വർഗീയവാദികളുടെ ശ്രമങ്ങളുടെ തുടർച്ചയാണ്. ജാതിമത ഭേദമില്ലാതെ ആയിരക്കണക്കിനാളുകളാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ മാടായിപ്പാറയിലെത്തുന്നത്. അവരുടെ സമാധാനം കെടുത്തുന്നതാണ് വർഗീയശക്തികൾ നടത്തുന്ന ഇടപെടൽ. സാമുദായിക സൗഹൃദത്തിന്റെ കേന്ദ്രമായ മാടായിയിൽ മതപരമായ ഭിന്നിപ്പ് ലക്ഷ്യമിട്ട് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും ബഹുജന പ്രതിരോധ സദസ്സ് വിജയിപ്പിക്കണമെന്നും സിപിഐ എം മാടായി ഏരിയാ കമ്മിറ്റി അഭ്യർഥിച്ചു. വൈകിട്ട് അഞ്ചിന് പഴയങ്ങാടി ബസ്‌സ്റ്റാൻഡിൽ ബഹുജന പ്രതിരോധ സദസ്സ് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യും.










0 comments