മതനിരപേക്ഷ ഭരണമുണ്ടാകണമെങ്കിൽ ഇടതുപക്ഷം ശക്തമാകണം: എം വി നികേഷ്കുമാര്

ആലപ്പുഴ
രാജ്യത്ത് പ്രതിപക്ഷത്തെ കോൺഗ്രസ് അടക്കമുള്ള എല്ലാ പാര്‍ടികളെയും ഒരുമിപ്പിച്ച് നിര്‍ത്താൻ കഴിയുന്ന ശക്തിയായി ഇടതുപക്ഷം മാറിയെന്ന് മാധ്യമപ്രവര്‍ത്തകൻ എം വി നികേഷ്കുമാര് പറഞ്ഞു. ഇന്ത്യയിലെ സമരമുഖത്തെ മാര്‍ഗദര്‍ശകരാണ് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷം. പാര്‍ലമെന്റിൽ ഇടതുപക്ഷം ശുഷ്‍കമായിരിക്കെയാണ് ഈ പങ്ക് വഹിക്കാൻ കഴിയുന്നത്. സിജെപിക്ക് വിശ്വാസമുള്ളത് ഇടതുപക്ഷത്തെയാണ്. ജനറൽ സെക്രട്ടറി എം എ ബേബി സുപ്രധാന ഇടപെടലാണ് നടത്തുന്നത്. പുന്നപ്ര – വയലാര്‍ 80–ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടിൽ നടന്ന "ജന്തര്‍മന്തര്‍ സന്ദേശം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു നികേഷ്. ബിജെപി ഇതര പാര്‍ടികളിൽ കോൺഗ്രസ് കഴിഞ്ഞാൽ വലിയ ശക്തിയായി ഉയര്‍ന്നുവരാൻ സാധ്യതയുള്ള ഡിഎംകെയെ പുറംകാലുകൊണ്ട് ചവിട്ടിക്കളഞ്ഞത് രാഹുൽ ഗാന്ധിയാണ്. ആംആദ്മി പാര്‍ടിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും നേതാവിനെയും ഒറ്റുകൊടുത്ത് ജയിലിലാക്കിയ പാര്‍ടിയാണ് കോൺഗ്രസ്. ഇവരൊന്നും കോൺഗ്രസിനെ നേരിട്ട് പിന്തുണയ്‍ക്കാൻ തയ്യാറാകില്ല. അവര്‍ ഇടതുപക്ഷത്തിനെയെ വിശ്വസിക്കുകയുള്ളൂ. വരുന്ന രണ്ടരവര്‍ഷം രാജ്യത്തെ ഇടതുപക്ഷത്തിന്റെ ശക്തിയുടെ പരീക്ഷണശാലയാണ്. കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിലെ രാഷ്‍ട്രപതി ക്ഷണിക്കുകയുള്ളൂവെന്ന പ്രചാരണങ്ങളുമായെത്തുന്നവരെ തള്ളിക്കളയണം. ഏറ്റവും വലിയ ഒറ്റകക്ഷിയെയല്ല, കത്തിൽ ഒപ്പിട്ടിരിക്കുന്ന എംപിമാരുടെ എണ്ണമാണ് പ്രധാനം. 2029ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽനിന്ന് ജയിച്ച് സുശക്തമായ ഇടതുപക്ഷം പാര്‍ലമെന്റിലുണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ മതനിരപേക്ഷ ഭരണകൂടമുണ്ടാകുകയുള്ളൂ – എം വി നികേഷ്കുമാര് പറഞ്ഞു.








0 comments