ad
Deshabhimani

ജില്ലാ ആശുപത്രിയിലേക്ക്‌ 
പുതിയ പൈപ്പ്‌ ലൈൻ ഉടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 16, 2026, 02:46 AM | 1 min read


കണ്ണൂർ

ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയത്തിലേക്ക്‌ കുടിവെള്ളമെത്തിക്കാനുള്ള പുതിയ പൈപ്പ്‌ലൈൻ പ്രവൃത്തി ഉടൻ. നേരത്തെ പരിഗണനയിലുണ്ടായിരുന്ന സംഗീത ടാക്കീസ്‌ പരിസരത്തെ ടാങ്കിന്‌ പകരം താണയിലെ ടാങ്കിൽനിന്ന്‌ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനിൽനിന്നാണ്‌ ഇവിടേക്ക്‌ വെള്ളം വഴിതിരിച്ചുവിടുക. 1.83 കോടിയുടേതാണ്‌ പുതുക്കിയ എസ്‌റ്റിമേറ്റ്‌ തുക. പ്രഭാത്‌ ജങ്‌ഷൻ പരിസരത്തെ കെഎസ്‌ഇബി ഓഫീസ്‌ പരിസരത്തുനിന്നാണ്‌ പുതിയ പെൈപ്പ്‌ ലൈൻ. നഗരത്തിലെ മറ്റിടങ്ങളിലേക്കുള്ള ജലലഭ്യതയെ ബാധിക്കാത്ത വിധമാണ്‌ ആശുപത്രിയിലേക്കുള്ള ജല വിതരണം. ജല ഉപഭോഗം നിരീക്ഷിക്കുന്നതിനു വെള്ളത്തിന്റെ ഒഴുക്ക്‌ ക്രമീകരിക്കുന്നതിനും ഉള്ള സംവിധാനങ്ങളോടെയാണ്‌ പുതിയ പൈപ്പ്‌ലൈൻ. സംഗീത തീയറ്റർ പരിസരത്തെ ടാങ്കിൽനിന്ന്‌ വെള്ളമെത്തിക്കുന്നതിന്‌ തയ്യാറാക്കിയ പദ്ധതിക്ക്‌ കോർപറേഷൻ അനുമതി നൽകിയിരുന്നില്ല. ഇതേതുടർന്ന്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‌ അഗ്‌നിരക്ഷാ സേനയുടെ എൻഒസി ഉൾപ്പെടെ മുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ കലക്ടർ വിളിച്ച യോഗത്തിലാണ്‌ പുതിയ പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കാൻ ജല അതോറിറ്റിയ ചുമതലപ്പെടുത്തിയത്‌. 2,200 മീറ്റർ ദൈർഘ്യമുള്ള പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ ഒരു വർഷം മുന്പുതന്നെ 2.31 കോടി രൂപ ജില്ലാ പഞ്ചായത്ത്‌ ജലഅതോറിറ്റിക്ക്‌ കൈമാറിയിരുന്നു. പുതിയ നിർദേശപ്രകാരമുള്ള പൈപ്പ്‌ ലൈൻ ഒരുകിലോമീറ്ററിൽ കുറവായതിനാലാണ്‌ പുതുക്കിയ എസ്‌മേറ്റിൽ തുക കുറഞ്ഞത്‌. 110 മീറ്റർ ദൂരത്തിലാണ്‌ പൈപ്പ്‌ ലൈൻ കണ്ടോൺമെന്റ്‌ പരിധിയിലൂടെ കടന്നുപോവുക. കണ്ടോൺമെന്റിന്റെ അനുമ തിക്കുള്ള പണം അടച്ച്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്‌ചയോടെ എംഒയു ഒപ്പുവയ്‌ക്കും. കെഐആർഫിയുടെ അനുമതിയാണ്‌ ഇനി ശേഷിക്കുന്നത്‌. ഇത്‌ ലഭിച്ചാൽ ആഗസ്‌ത്‌ 31നകം പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ കഴിയുമെന്ന്‌ ജലഅതോറിറ്റി അറിയിച്ചു. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക്‌ ദിനംപ്രതി രണ്ട്‌– രണ്ടരലക്ഷം ലിറ്റർ വെള്ളമാണ്‌ വേണ്ടത്‌. നിലവിൽ വെള്ളമെത്തിക്കുന്നത്‌ മേലേചൊവ്വയിലെ ടാങ്കിൽനിന്ന്‌ വീതികുറഞ്ഞ പിവിസി പൈപ്പിലൂടെയാണ്‌. ഇതുമാത്രം ആശ്രയിച്ച്‌ ആശുപത്രി പ്രവർത്തനം സാധ്യമാവില്ല. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള പൈപ്പ്‌ ലൈനിന്‌ കോർപറേഷൻ അനുമതി നൽകാത്തതിനാൽ ഉടലെടുത്ത പ്രതിസന്ധിക്കാണ്‌ ഇതോടെ പരിഹാരമാവുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home